കൊച്ചി: മരിച്ച സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ഗോശ്രീ പാലത്തിന് സമീപം കണ്ടിരുന്നതായി പിറവം സ്വദേശി അമലിന്റെ മൊഴി. വല്ലാര്‍പാടം പള്ളി കഴിഞ്ഞ് ബോള്‍ഗാട്ടിയിലേക്ക് പോകുന്ന ഭാഗത്തുവച്ചാണ് പെണ്‍കുട്ടിയെ കണ്ടതെന്നും അമല്‍ പറഞ്ഞു.
അതുവഴി ബൈക്കില്‍ വരികയായിരുന്ന താന്‍ ഒരു ട്രെയിലര്‍ ബ്രേക്കിട്ടപ്പോഴാണ് തിരിഞ്ഞ് നോക്കിയത്. ആ സമയത്ത് പെണ്‍കുട്ടി അവിടെ ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ കണ്ടാണ് ട്രെയിലര്‍ ബ്രേക്കിട്ടത്. എന്നാല്‍ കുറച്ചു ദൂരം മുന്നോട്ടു പോയപ്പോള്‍ തനിക്കൊരു ഫോണ്‍ വന്നു. സംസാരിക്കാനായി പാലത്തിനടുത്ത് വണ്ടി നിര്‍ത്തി തിരിഞ്ഞ് നോക്കിയപ്പോള്‍ പെണ്‍കുട്ടിയെ കാണാന്‍ കഴിഞ്ഞില്ലെന്നും അമല്‍ പറയുന്നു.
പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് സ്ഥലത്ത് പെണ്‍കുട്ടി മുങ്ങിമരിച്ചതായുള്ള പത്രവാര്‍ത്ത കണ്ടത്. എന്നാല്‍ ഇതേ പെണ്‍കുട്ടിയെ ആണോ കണ്ടതെന്ന് തനിക്ക് ഉറപ്പില്ലെന്നും സംഭവം പോലീസ് സ്‌റ്റേഷനിലെത്തി അറിയിച്ചിട്ടുണ്ടെന്നും അമല്‍ പറഞ്ഞു.
















