പെഷവാര്‍: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കിടെ വാതുവയ്‌പ്പുകാരന്‍ സമീപിച്ചുവെന്നത് മറച്ചുവച്ച പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ഇര്‍ഫാന് സസ്‌പെന്‍ഷന്‍. അഴിമതിനിരോധന നിയമപ്രകാരം പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്റേതാണ് നടപടി. 14 ദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കാനും ഇര്‍ഫാനോട് ആവശ്യപ്പെട്ടു.
നേരത്തെ, ഇര്‍ഫാന്‍ പിസിബിയുടെ അഴിമതിവിരുദ്ധ സമിതിക്കു മുന്‍പാകെ ഹാജരായി. വാതുവയ്‌പ്പുകാരന്‍ സമീപിച്ചതായി ഇര്‍ഫാന്‍ സമിതിക്ക് മുമ്പാകെ സമ്മതിച്ചു. പിതാവിന്റെ മരണത്തെത്തുടര്‍ന്നുള്ള മാനസിക വിഷമത്തിലായതിനാലാണ് ഇക്കാര്യം പിസിബിയെ അറിയിക്കാതിരുന്നതെന്നാണ് ഇര്‍ഫാന്റെ വിശദീകരണം.
നേരത്തെ, ഇതേ സംഭവത്തില്‍ നാസിര്‍ ജംഷദിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കാന്‍ പിസിബി തിരുമാനിച്ചിരുന്നു. ദുബായില്‍ നടന്ന പിഎസ്എല്‍ മത്സരങ്ങള്‍ക്കിടെ നാസിര്‍ ജംഷദ് പറഞ്ഞ വാതുവെപ്പുകാരനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ ഷര്‍ജീല്‍ ഖാന്‍, ഖാലിദ് ലത്തീഫ് എന്നിവരെ ടൂര്‍ണമെന്റിനിടെ പാക്കിസ്ഥാനിലേക്ക് തിരിച്ചയച്ചു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട വാതുവെപ്പ് വിവാദത്തിലും നാസിര്‍ ജംഷദ് കണ്ണിയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.
















