തിരുവനന്തപുരം : കാര്‍ഷികോല്‍പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ശീതീകരണ സംവിധാനം തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷിവകുപ്പിന്റെ കേരള ഓര്‍ഗാനിക് ലോഗോ പ്രകാശനവും ജൈവകൃഷി പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടൊരുമിച്ചു നിന്നാല്‍ പച്ചക്കറി, പഴംവര്‍ഗ കയറ്റുമതി യാഥാര്‍ത്ഥ്യമാകും. ഉല്‍പ്പന്നങ്ങളുടെ വിപണനം നടത്താനുള്ള നടപടി സ്വീകരിക്കും. ഉല്‍പന്നങ്ങള്‍ക്ക് ന്യായ വില കര്‍ഷകന് ഉറപ്പാക്കും. അരി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഇതിനായി ക്രമീകരണം ഒരുക്കാനുള്ള ആലോചന നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ ശക്തമായ തിരിച്ചുവരാണ് കേരളം നടത്തിയിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജൈവകൃഷി തരംഗമായി മാറുന്നതായും അദ്ദേഹം പറഞ്ഞു.10000 ഹെക്ടര്‍ പ്രദേശത്ത് ജൈവപച്ചക്കറി ഉല്‍പാദിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. 200 ഇക്കോഷോപ്പുകളിലൂടെ ഇവയുടെ വില്‍പന നടത്തും. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഒരുലക്ഷം പ്ലാവിന്‍തൈയ്‌കള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ജൈവകൃഷിയില്‍ മികച്ച നേട്ടം കൈവരിച്ച നിയോജകമണ്ഡലത്തിനുള്ള പുരസ്‌കാരം മാനന്തവാടി എംഎല്‍എ ഒ.ആര്‍.കേളുവിന് മുഖ്യമന്ത്രി സമ്മാനിച്ചു. രണ്ടാംസമ്മാനം ധനമന്ത്രി തോമസ്‌ഐസക്കും (ആലപ്പുഴ), മൂന്നാംസ്ഥാനം ഇ.എസ്. ബിജിമോളും (പീരുമേട്) ഏറ്റുവാങ്ങി. 15 ലക്ഷം, 10 ലക്ഷം, അഞ്ച് ലക്ഷം രൂപയാണ് യഥാക്രമം ആദ്യ മൂന്നുസ്ഥാനക്കാര്‍ക്ക് ലഭിച്ചത്. കോര്‍പ്പറേഷന്‍ തലത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മൂന്ന് ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌കാരം മേയര്‍ വി.കെ.പ്രശാന്തിന് മുഖ്യമന്ത്രി സമ്മാനിച്ചു.
മുന്‍സിപ്പാലിറ്റികളില്‍ സുല്‍ത്താന്‍ബത്തേരിക്കാണ് ഒന്നാം സ്ഥാനം. മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.കെ.സഹദേവന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. രണ്ടാംസമ്മാനം വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, മൂന്നാം സമ്മാനം ചിറ്റൂര്‍ തത്തമംഗലം ചെയര്‍മാന്‍ ടി.എസ.്തിരുവെങ്കിടാചലം എന്നിവര്‍ ഏറ്റുവാങ്ങി. ആറന്മുള ബ്രാന്‍ഡ് അരി മുഖ്യമന്ത്രി , മന്ത്രി തോമസ് ഐസക്കിന് നല്‍കി ഉദ്ഘാടനം ചെയ്തു. വിഎഫ്പിസികെയുടെ ഉല്‍പന്നങ്ങള്‍ ഗതാഗമന്ത്രി എ.കെ.ശശീന്ദ്രനും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പാഷന്‍ ഫ്രൂട്ട് സ്‌ക്വാഷ് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ഇഞ്ചി മിഠായി സണ്ണിജോസഫ് എംഎല്‍എയ്‌ക്കും നല്‍കി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ സി.കെ.നാണു, പി.ജെ.ജോസഫ്, പി.കെ.ബഷീര്‍, കാര്‍ഷികോല്‍പാദന കമ്മീഷണര്‍ രാജുനാരായണസ്വാമി, കൃഷിഡയറക്ടര്‍ ബിജുപ്രഭാകര്‍ എന്നിവര്‍ സംസാരിച്ചു.
















