കൊച്ചി: പതിനാറാമത് ഇന്റര്‍ ക്ലബ് ചാമ്പ്യന്‍സ് ട്രോഫി ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. കടവന്ത്ര ആര്‍എസ്‌സിയില്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് കൊല്ലം സെന്റ്‌ജോണ്‍സ് കോളേജിലെ തോല്‍പ്പിച്ച് ഫൈനല്‍ ലീഗ് റൗണ്ടിലേക്ക് യോഗ്യത നേടി.
സ്‌കോര്‍: 66-38. അസംപ്ഷനു വേണ്ടി റോസ് മേരി 17ഉം നിമ്മി മാത്യു 16 പോയിന്റുകളും നേടി. ഇന്ന് ഇരുവിഭാഗങ്ങളിലായി മൂന്ന് മത്സരങ്ങള്‍ നടക്കും. കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് കൊച്ചി, കെഎസ്ഇബി തിരുവനന്തപുരം, കേരള പോലീസ് തിരുവനന്തപുരം, കേരളവര്‍മ്മ കോേളജ് തൃശൂര്‍, പ്രൊവിഡന്‍സ് കോേളജ് കോഴിക്കോട് തുടങ്ങിയ ടീമുകളാണ് റൗണ്ട് റോബിന്‍ ലീഗ് ഫോര്‍മാറ്റില്‍ നടക്കുന്ന നാലു ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. പുരുഷ വിഭാഗത്തിലെ ചാമ്പ്യന്‍ ക്ലബ്ബ് 22 മുതല്‍ 26 വരെ കോയമ്പത്തൂര്‍ പി.എസ്.ജി കോളജ് ഓഫ് ടെക്‌നോളജിയില്‍ നടക്കുന്ന 31-ാമത് ഫെഡറേഷന്‍ കപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. വനിത ടീമിനെ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും.
ചാമ്പ്യന്‍ഷിപ്പ് സപ്ലൈകോ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എ. രാജു അധ്യക്ഷത വഹിച്ചു. കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററും എറണാകുളം ജില്ലാ ബാസ്‌ക്കറ്റ്—ബോള്‍ അസോസിയേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
















