തിരുവനന്തപുരം: ആദായ നികുതി വകുപ്പ് കള്ളപ്പണം പിടികൂടിയ ശ്രീവത്സം ഗ്രൂപ്പുമായി യുഡിഎഫിനും ഒരു മുന്‍മന്ത്രിക്കും ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
ആരോപണം സമൂഹത്തില്‍ സൃഷ്ടിച്ച സംശയം ദൂരീകരിക്കുന്നതിന് സിബിഐയെക്കൊണ്ടോ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിയെക്കൊണ്ടോ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഹരിപ്പാട് മെഡിക്കല്‍ കോളേജുമായി ശ്രീവത്സം ഗ്രൂപ്പിന് ബന്ധമുണ്ടെന്ന ആരോപണവും വസ്തുതാപരമല്ല. യഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാതെ യു.ഡി.എഫിനെ കരിതേച്ച് കാണിക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഈ ആരോപണങ്ങള്‍. ഈ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തിന് ഉണ്ടായിരിക്കുന്ന സംശയങ്ങള്‍ നീക്കാന്‍ സമഗ്ര അന്വേഷണം ആവശ്യമാണ്- ചെന്നിത്തല കത്തില്‍ പറയുന്നു.
സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് ആരോപണം ഉന്നയിച്ചത്. യു.ഡി.എഫിലെ ഒരു മുന്‍മന്ത്രിക്ക് ശ്രീവത്സം ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ദുഷ്ടലാക്കോടെയാണ്. യു.ഡി.എഫിലെ മുന്‍മന്ത്രിമാരെയെല്ലാം സംശയത്തിന്റെ നിഴലിലാക്കി രക്ഷപ്പെടാനാണ് സിപിഐയുടെ ശ്രമമെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.
















