ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയിലും രാഹുലിന്റെ ദുര്‍ബല നേതൃത്വത്തിലും കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. മുതിര്‍ന്ന നേതാക്കളായ മണിശങ്കര്‍ അയ്യര്‍ക്കും ദ്വിഗ്വിജയ് സിങ്ങിനും പിന്നാലെ അമര്‍ഷം പരസ്യമാക്കി മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരവും രംഗത്തെത്തി.
കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിന് ആര്‍എസ്എസിന്റെയും ബിജെപിയുടെയും സംഘടനാ സംവിധാനത്തെ നേരിടാനുള്ള കരുത്തില്ലെന്ന് ചിദംബരം പറഞ്ഞു. ബിജെപിക്കും ആര്‍എസ്എസിനും വന്‍തോതില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ സാധിക്കുന്ന സംഘടനാ സംവിധാനമുണ്ട്. തമിഴ്നാട്ടിലെ എഐഎഡിഎംകെ, ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവക്ക് ആര്‍എസ്എസ്, ബിജെപി എന്നിവയേക്കാള്‍ സംഘടനാ സംവിധാനമുണ്ടെന്നും ചിദംബരം അഭിപ്രായപ്പെട്ടു.
യുപിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം നോട്ട് റദ്ദാക്കലിന് അനുകൂലമായ വിധിയല്ല. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിഷയം. യുപിയിലേത് നോട്ട് റദ്ദാക്കലിന് അനുകൂലമാണെങ്കില്‍ പഞ്ചാബിന് എതിരാണെന്നും പറയേണ്ടി വരില്ലെ. ഓരോ സംസ്ഥാനത്തും വിജയിക്കാന്‍ വ്യത്യസ്തമായ തന്ത്രങ്ങള്‍ വേണം. ദേശീയ തെരഞ്ഞെടുപ്പിന് 29 തന്ത്രങ്ങള്‍ ആവിഷ്കരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ നേതൃത്വത്തില്‍ അഴിച്ചു പണി നടത്തണമെന്നാവശ്യപ്പെട്ട് മണി ശങ്കര്‍ അയ്യര്‍ രംഗത്തെത്തിയിരുന്നു. ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വരെ തെരഞ്ഞെടുപ്പ് നടത്തണം. നെഹ്റു കുടുംബത്തിന് പുറത്തു നിന്നുള്ളവര്‍ കോണ്‍ഗ്രസ്സിനെ നേരത്തെയും നയിച്ചിട്ടുണ്ട്. രാഹുലിനെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.
ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയാത്തതിനു കാരണം എഐസിസി ജനറല്‍ സെക്രട്ടറി ദ്വിഗ്വിജയ് സിങ്ങിന്റെയും ഗോവ സ്ക്രീനിങ്ങ് സമിതി അധ്യക്ഷന്‍ കെ.സി. വേണുഗോപാലിന്റെയും കഴിവുകേടാണെന്ന് പിസിസി പ്രസിഡന്റ് ലുസിയാനോ ഫെലേറിയോ തുറന്നടിച്ചിരുന്നു. എന്നാല്‍ രാഹുല്‍ തീരുമാനമെടുക്കാത്തതാണ് പ്രശ്നമെന്നായിരുന്നു ദ്വിഗ്വിജയ് സിങ്ങിന്റെ മറുപടി. പാര്‍ട്ടിയില്‍ പൊളിച്ചടുക്ക് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















