കോഴിക്കോട്: നികുതിപ്പണം കൊള്ളയടിച്ച് വയര്‍ വീര്‍പ്പിക്കാനുള്ള സിപിഎം നേതാക്കളുടെ നടപടികള്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കോര്പ്പറേഷന് തെരുവുവിളക്ക് കരാര്‍ അഴിമതിക്കെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായ സിപിഎം ഭരണം കൊണ്ട് അഴിമതിയുടെ കേന്ദ്രമായി കോര്പ്പറേഷന് ഭരണം മാറിയിരിക്കുകയാണ്. ചില സിപിഎം നേതാക്കളും ബന്ധുക്കളും വരുമാനമാര്ഗ്ഗമായാണ് കോര്പ്പറേഷന് ഭരണത്തെ കാണുന്നത്.
കോര്പ്പറേഷന് പുറത്തിറക്കിയ താല്‍പ്പര്യപത്രത്തിന് വിരുദ്ധമായി എങ്ങനെ കരാര്‍ ഒപ്പിട്ടു എന്ന് വ്യക്തമാക്കണം. ഭരണ സമിതിയുടെ അംഗീകാരത്തോടെ നല്കിയ കരാര്‍ വ്യവസ്ഥയില്‍ ആരാണ് മാറ്റം വരുത്തിയത്. വ്യവസ്ഥകള്‍ ലംഘിച്ച് നല്കിയ കരാര്‍ റദ്ദാക്കണം. ഇത്തരത്തില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കരാറില്‍ ഒപ്പിട്ടവര്‍ക്കെതിരെ, പൊതു വിഭവം ദുരുപയോഗം ചെയ്തതിന് ക്രിമിനല്‍ കേസ് എടുക്കണം. കരാര്‍ വ്യവസ്ഥകള്‍ മാറ്റാന്‍ ആരാണ് അധികാരം ഇവര്‍ക്ക് നല്‍കിയത്. കരാര്‍ വ്യവസ്ഥയില്‍ വെളളം ചേര്‍ത്തവര്‍ക്കെതിരെ നടപടി വേണം. എന്നാല്‍ കോര്പ്പറേഷന് ഭരണാധികാരികള്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടാകില്ലെന്ന് ഉറപ്പാണ്. ഈ അഴിമതി ഉന്നതരായ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നിട്ടുള്ളത്. പ്രമുഖനായ ഒരു സിപിഎം നേതാവിന്റെ ബിനാമി കമ്പനിയാണ് കരാര്‍ എടുത്തിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. സിപിഎം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും തടിച്ചുകൊഴുക്കാനുള്ള ഭരണമായി സംസ്ഥാന ഭരണം മാറിയതുപോലെ തന്നെയാണ് കോര്പ്പറേഷന് ഭരണവും. സംസ്ഥാനത്തെ പത്തു മാസത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ ഗുണഭോക്താക്കള്‍ സിപിഎം നേതാക്കളും അവരുടെ ഏറ്റവും അടുത്ത ബന്ധുക്കളുമാണ്. കോര്പ്പറേഷന് ഭരണാധികാരികള്‍ സിപിഎം സംസ്ഥാന നേതൃത്വത്തെ കണ്ടുപഠിക്കുകയാണ്.
കോര്‍പ്പറേഷനിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സാകട്ടെ സിപിഎം അഴിമതിയുടെ പങ്കുപറ്റുന്നവരായി മാറിയിരിക്കുകയാണ്. അഴിമതിയുടെ കാര്യത്തില്‍ ഇടതു വലതു മുന്നണികള്‍ക്ക് സമാന നിലപാടാണ്. അതുകൊണ്ടാണ് സിപിഎമ്മിനെതിരെ സമരവുമായി കോണ്ഗ്രസ്സുകാര് രംഗത്തുവരാത്തത്. അഴിമതിയുടെ കേന്ദ്രമായി നഗരം മാറുകയാണ്. മുന്‍കാല കോര്പ്പറേഷന് ഭരണസമിതിക്കെതിരെ ബിജെപി നടത്തിയ സേവ് കോഴിക്കോടിന്റെ തുടര്‍ച്ചയാണ് ഈ സമരവും. നഗരം കൊള്ളയടിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: