ബെംഗളൂരു: ഭൂമിയില്‍ നിന്ന് നാനൂറ് അടി മുകളിലാണ് ആ ആകാശക്കൊട്ടാരം. ആ കൊട്ടാരത്തിന്റെ ഉടമയെ ഇങ്ങനെ പരിചയപ്പെടുത്താം, ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിനു രൂപ വായ്പ്പയെടുത്തു മുങ്ങിയ വിജയ് മല്ല്യ. കോടതികളുടെ തുടര്‍ച്ചയായ അറസ്റ്റ് വാറണ്ടുകള്ക്കു ശേഷവും ലണ്ടനില്‍ സസുഖം വാഴുന്ന മല്ല്യക്കായി പുത്തന്‍ വീടൊരുങ്ങുന്നത് ബെംഗളൂരുവിലെ യുബി സിറ്റിയില്‍.
കിങ്ഫിഷര്‍ ടവര്‍ എന്ന കെട്ടിടസമുച്ചയത്തിന്റെ മുപ്പത്തിനാല്, മുപ്പത്തഞ്ച് നിലകളിലാണ് മല്ല്യയുടെ ആകാശവീട്. നാലേക്കര്‍ സ്ഥലത്താണ് കിങ് ഫിഷര്‍ ടവേഴ്സ്. മുപ്പത്തിമൂന്നാമത്തെ നിലയ്ക്കു ശേഷം വലിയൊരു കാന്റിലിവര്‍ സ്ലാബ് ഘടിപ്പിച്ചിരിക്കുന്നു. അതിനു മുകളിലാണ് മല്ല്യക്കുള്ള വീട് പണിതിരിക്കുന്നത്.
മല്ല്യ വിദേശത്തേക്ക് കടന്നെങ്കിലും വീടു പണിക്ക് മുടക്കമൊന്നും വന്നിട്ടിരുന്നില്ല. നിര്‍മാണം അവസാന ഘട്ടത്തിലാണ്. രണ്ടു നിലകളിലായി നാല്‍പ്പതിനായിരം ചതുരശ്ര അടിയിലാണ് വീട്. 360 ഡിഗ്രി തിരിവില്‍ കാഴ്ചകള്‍ കാണാന്‍ പാകത്തിനുള്ള ഓപ്പണ്‍ ഡക്കാണ് വീടിന്റെ പ്രധാന സവിശേഷത.
പ്രിസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ് ലിമിറ്റഡിനാണ് കിങ്ഫിഷര്‍ ടവേഴ്സിന്റെ നിര്‍മാണച്ചുമതല. എണ്ണായിരം സ്ക്വയര്‍ഫീറ്റില്‍ 42 അപ്പാര്‍ട്ടുമെന്റുകളാണുള്ളത്. ഇതില്‍ 34 അപ്പാര്‍ട്ടുമെന്റുകളും വിറ്റു പോയി എന്നാണ് റിപ്പോര്‍ട്ട്. അപ്പാര്‍ട്ടുമെന്റൊന്നിന് 25 കോടി രൂപയാണ് വില എന്നും കരുതുന്നു.
മല്ല്യയുടെ കുടുംബ വീട് സ്ഥിതി ചെയ്തുന്ന സ്ഥലത്താണ് പിന്നീട് കിങ്ഫിഷര്‍ ടവേഴ്സിന്റെ പണി തുടങ്ങിയത്. പറഞ്ഞസമയത്തു തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറുമെന്ന് പ്രിസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ് ലിമിറ്റഡിന്റെ വക്താക്കള്‍ പറയുന്നുണ്ടെങ്കിലും ആര്‍ക്കു കൈമാറും എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. മല്ല്യക്കെതിരെ നിരവധി കേസുകള്‍ നിലവിലുള്ള സാഹചര്യത്തില്‍ ഈ ആകാശസൗധത്തിന്റെ കാര്യത്തിലും കോടതി ഇടപെടലിനു സാധ്യതയുണ്ട്.
ഏറെ ആഗ്രഹിച്ച് പണിതുയര്‍ത്തിയ ഈ ആകാശവീട്ടില്‍ വലതുകാല്‍ വച്ചു കയറാനും അന്തിയുറങ്ങാനും മല്ല്യ ഏറെക്കാലം കാത്തിരിക്കേണ്ടി വരും എന്നുറപ്പ്.
















