ലക്നൗ; പുലര്‍ച്ചെ മൂന്നുമണിക്ക് ഉണരും. പിന്നെ പ്രാഥമിക കൃത്യങ്ങള്‍, യോഗ, പ്രാര്‍ഥന.. അതിനുശേഷം നേരെ ക്ഷേത്രത്തിനു പിന്നില്‍ രണ്ടേക്കറില്‍ പരന്നുകിടക്കുന്ന ഗോശാലയിലേക്ക്.
അവയ്ക്ക് പുല്ലും കച്ചിയും വെള്ളവും നല്കിയ ശേഷമേ അദ്ദേഹം എന്തെങ്കിലും കഴിക്കൂ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പതിവാണിത്. മുഖ്യമന്ത്രിയായാലും ഈ പതിവ് തെറ്റിക്കാന്‍ സാധ്യതയില്ല, ചുരുങ്ങിയ പക്ഷം ക്ഷേത്രത്തില്‍ ഉള്ളപ്പോഴെങ്കിലും. 44 കാരനായ യോഗി, ഗോരഖ്നാഥ് ക്ഷേത്രത്തിന്റെ മേധാവിയാണ്, മഹന്ത് അവൈദ്യനാഥിന്റെ അരുമശിഷ്യന്.
ക്ഷേത്ര പരിസരത്തെ ഗോശാലയില്‍ അഞ്ഞൂറിലേറെ പശുക്കളുണ്ട്.
യോഗിക്ക് പ്രിയപ്പെട്ട പശു നന്ദിനിയാണ്. അനവധി പശുപാലകരുണ്ട്. അവരില്‍ സുപ്രധാനി മുഹമ്മദാണ്. പിതാവ് ഇയാനത്തുള്ളക്കൊപ്പം ഗോശാലയില്‍ എത്തിയതാണ് മുഹമ്മദും. പശുക്കളെ കുളിപ്പിക്കുന്നതും അവയ്ക്ക് തീറ്റ സംഘടിപ്പിക്കുന്നതും മുഹമ്മദിന്റെ ചുമതലയാണ്. ഓരോ പശുവിനെയും യോഗി ആദിത്യനാഥ് പേര് ചൊല്ലിവിളിച്ചാണ് തീറ്റ നല്‍കുക.
ഗുജറാത്തി, സെഹാള്, ഗീര്‍ തുടങ്ങി യുപിയിലെ തനി നാടന്‍ പശുക്കള്‍ വരെയുണ്ട് ഇവിടെ. ഗോശാല മേലധികാരി സുനില്‍ റായ് പറഞ്ഞു.
ഇവയുടെ പാലില്‍ നിന്നുള്ള തൈരും മോരുമാണ് ഗോരഖ്നാഥ് ക്ഷേത്രത്തിലെ പ്രധാന പ്രസാദം. നെയ്യും ലഭിക്കും. അതാണ് ക്ഷേത്രവിളക്ക് (നെയ്യ്വിളക്ക്) കത്തിക്കാന്‍ എടുക്കുക. ഇവിടെ നിന്നുള്ള പാല് വില്‍ക്കാറില്ല. ഭക്തര്‍ക്ക് പാല്, മോര് എന്നിവ പ്രസാദമായി നല്‍കും. ചാണകം ജൈവവളമുണ്ടാക്കും.
















