ലണ്ടന്‍; ബിബിസിയുടെ പേരില്‍ ഒരു അപരനും. ബിബിസി ന്യൂസ് പോയന്റ് എന്ന പേരിലാണ് വെബ്സൈറ്റ്. പേരു കണ്ടാല്‍ ആരും സാക്ഷാല്‍ ബിബിസി തന്നെയെന്ന് ആദ്യമൊന്ന് കരുതും. സൈറ്റിലേക്ക് കയറിച്ചെന്നാല്‍ ഒരു സാദാ സൈറ്റ്. അതിലെ ഇംഗ്ളീഷും കണക്ക്.
സൈറ്റ് ഇന്നലെ ഒരു പണിയൊപ്പിച്ചു. അഴിമതിയില്‍ ലോകത്തെ നാലാമത്തെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ഒരു റിപ്പോര്‍ട്ടും തള്ളിവിട്ടു. സര്‍വ്വേയെന്ന് തോന്നിക്കും വിധമുള്ള ഒരു റിപ്പോര്‍ട്ട്. പക്ഷെ സൈറ്റിലേക്ക് കടന്നുചെന്നാല്‍ ഇത്തരം പല റിപ്പോര്‍ട്ടുകളുമുണ്ട്.
ഇത് ബിബിസിയുടെ റിപ്പോര്‍ട്ടെന്ന് ധരിച്ച് പലരും ഈ റിപ്പോര്‍ട്ടെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ അലക്കിപ്പൊളിച്ചു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച ലോകത്തെ പത്തു രാഷ്ട്രീയപ്പാര്‍ട്ടികളുടെ പേരുകളും ബിബിസിയുടെ അപരനായ ബിബിസി ന്യൂസ് പോയന്റ് പുറത്തുവിട്ടു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അഴിമതിപ്പട്ടികയില്‍ നാലാം സ്ഥാനമാണുള്ളത്. ഏഴു പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത പാര്‍ട്ടി ഇന്ന് രാഹുല്‍ ഗാന്ധിയെപ്പോലുള്ള അഴിമതിക്കാരുടെ കൈയിലാണെന്നും പൊട്ട ഇംഗ്ളീഷില്‍ ബിബിസി ന്യൂസ് പോയന്റ് പറയുന്നു. ലോകത്തെ അഴിമതിക്കാരായ പത്തു നേതാക്കളില്‍ ഒന്നാമന് രാഹുലാണെന്നാണ് അവരുടെ ഒരു റിപ്പോര്‍ട്ട്.
അവരുടെ അഴിമതിപ്പട്ടികയില്‍ ഒന്നാം സ്ഥാനം പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അധ്യക്ഷനായ പാക്കിസ്ഥാന് മുസ്ളീം ലീഗിനാണ്. പട്ടികയില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കും ‘മോശമല്ലാത്ത സ്ഥാനമാണുള്ളത്. വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഞ്ചാം സ്ഥാനവുംചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒന്‍പതാം സ്ഥാനവും റഷ്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് പത്താം സ്ഥാനവുമാണ്. ഏതായാലും ഒറിജിനല്‍ ബിബിസിയല്ലെന്നും അപരനാണെന്നും തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണെന്നും വെളിവായതോടെ കോണ്‍ഗ്രസിന് ആശ്വാസമായിക്കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: