ന്യൂദല്‍ഹി: പാക്ക് ചാരസംഘടന ഐഎസ്ഐയുടെ പിടിയിലകപ്പെട്ട മുസ്ലിം മതപണ്ഡിതര്‍ കേന്ദ്ര സര്‍ക്കാരിന്റെ സജീവ നയതന്ത്ര ഇടപെടലുകളിലൂടെ സുരക്ഷിതരായി തിരികെയെത്തി. ദല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യപുരോഹിതന്‍ സയ്ദ് ആസിഫ് നിസാമി, അര്‍ദ്ധസഹോദരന്‍ നസീം അലി നിസാമിയുമാണ് കറാച്ചിയില്‍ കാണാതായത്. ഐഎസ്ഐ പിടികൂടിയ ഇവരെ വിദേശമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലാണ് രക്ഷിച്ചത്.
മടങ്ങിയെത്തിയ ഇരുവരും വിദേശ മന്ത്രാലയത്തിലെത്തി സുഷമയെയും സഹമന്ത്രിമാരായ എം.ജെ. അക്ബര്‍, ജനറല്‍ വി.കെ. സിങ് എന്നിവരെയും കണ്ടു. എന്നാല്‍, മൂന്നു ദിവസം എവിടെയായിരുന്നുവെന്നതില്‍ യാതൊരു വിവരവും നല്‍കിയില്ല. മതപണ്ഡിതരെ കാണാനില്ലെന്ന് 18ന് വൈകിട്ട് സുഷമ പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസിനെ അറിയിച്ച് രണ്ടു മണിക്കൂറിനകം കണ്ടെത്തിയതായി പാക്കിസ്ഥാന് മറുപടി നല്‍കിയതില്‍ ദുരൂഹത. ഇരുവരും റോ ഏജന്റുമാരെന്ന് പാക്കിസ്ഥാനിലെ പ്രാദേശിക ഉറുദു പത്രത്തില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായതെന്നാണ് വിവരം. സിന്ധ് പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.
ഇരുവരെയും സുരക്ഷിതരായി മടക്കിക്കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാരിനെയും വിദേശ മന്ത്രാലയത്തെയും ആസിഫ് നിസാമിയുടെ മകന് അമീര്‍ നിസാമി നന്ദി അറിയിച്ചു. ഇരുവരും സുരക്ഷിതരായി മടങ്ങിയെത്തിയെന്നും എല്ലാ പിന്തുണയും നല്കിയ സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും ആമിര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ ബന്ധുക്കളും അനുയായികളും ചേര്‍ന്ന് മതപണ്ഡിതരെ സ്വീകരിച്ചു. വിദേശ മന്ത്രി സുഷമ സ്വരാജിനും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനും ആസിഫ് നിസാമി നന്ദി അറിയിച്ചു. അതേസമയം, പുരോഹിതര്‍ പാക്കിസ്ഥാനില്‍ ചെന്ന് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന് സ്വാമി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: