ന്യൂദല്‍ഹി : ജീവനോടെ നീ ഇന്ത്യ കാണില്ല എന്നായിരുന്നു ഭര്‍ത്താവിന്റെ ഭീഷണി. എന്നാല്‍ നാല്‍പ്പത്തിനാലുകാരിയായ മുഹമ്മദിയ ബീഗം വൈകാതെ ഇന്ത്യയില്‍ തിരിച്ചെത്തും, ജീവനോടെ. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലാണ് ബീഗത്തിനു രക്ഷയായത്.
പാക്കിസ്ഥാനിലെ ഭര്‍തൃവീട്ടില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ യുവതിയെ രക്ഷിക്കാനാണ് സുഷമ സ്വരാജ് ഇടപെട്ടത്. മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിനല്ല വിദേശത്തെ ഇന്ത്യക്കാരുടെ സുരക്ഷയാണ് പ്രധാനം എന്നു സുഷമ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ഈ ഇടപെടല്‍.
മുഹമ്മദിയ ബീഗം പാക്കിസ്ഥാനിലെ ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി ജീവിക്കുകയായിരുന്നു. ബീഗത്തിന്റെ അച്ഛന്റെ അഭ്യര്‍ത്ഥന പരിഗണിച്ച സുഷമ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് നടപിടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ ബീഗത്തെ കണ്ടു കഴിഞ്ഞു. എത്രയും പെട്ടെന്ന് ബീഗത്തെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കഴിയുമെന്ന് സുഷമ ട്വീറ്ററിലൂടെ അറിയിച്ചു.
ഹൈദരാബാദില്‍ നിന്നുള്ള ബീഗത്തിന്റെ അച്ഛന്‍ മഹമ്മദ് അക്ബറിന്റെ യുട്യൂബ് സന്ദേശത്തിലൂടെയാണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍ വന്നതെന്ന് സുഷമയുടെ ട്വീറ്റില്‍ പറയുന്നു. പാക്കിസ്ഥാന്‍കാരനായ മുഹമ്മദ് യൂനിസ് ഇക്കാര്യം മറച്ചു വെച്ചാണ് ബിഗത്തെ വിവാഹം കഴിച്ചത്. ഒമാന്‍ സ്വദേശിയാണെന്നു പറഞ്ഞ് ഏജന്റ് വഴി ടെലിഫോണിലൂടെയാണു യൂനിസ് ആലോചനയുമായെത്തിയത്. 1996ലായിരുന്നു ഇത്. ഒമാനിലെ മസ്‌കറ്റില്‍ മെക്കാനിക്കായിരുന്നു യൂനിസ്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ജോലി നഷ്ടപ്പെട്ടപ്പോഴാണ് പാക്കിസ്ഥാന്‍ പൗരനാണു താനെന്ന് യൂനിസ് വെളിപ്പെടുത്തിയതെന്നും യുവതിയുടെ മാതാവ് ഹജാരാ ബീഗം പറഞ്ഞു.
മൂന്ന് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്. യൂനിസ് മാത്രമല്ല യൂനിസിന്റെ അച്ഛനും അമ്മയും ബീഗത്തെ പീഡിപ്പിക്കാറുണ്ടായിരുന്നു. അമ്മ ഹിന്ദുസ്ഥാനിയാണെന്നും എല്ലാ ഹിന്ദുസ്ഥാനികളും ഹിന്ദുക്കളാണെന്നും യൂനിസ് കുട്ടികളോട് പറയാറുണ്ടെന്നും ഹജാരാ ബീഗം വ്യക്തമാക്കി. ഇന്ത്യയിലേക്കു ജീവനോടെ പോകില്ലെന്ന് യൂനിസ് ഭീഷണിപ്പെടുത്തിയിട്ടുണ്ട് . ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമായ ശാരീരിക പീഡനമാണ് നേരിടേണ്ടി വന്നതെന്ന് ബീഗം അമ്മയോട് ഫോണില്‍ പറഞ്ഞിരുന്നു. ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരോടും ബീഗം പറഞ്ഞു.
ഇന്ത്യയിലേക്കു തിരിച്ചു പോകണമെന്ന് ബീഗം ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. പാസ്‌പോര്‍ട്ട് പുതുക്കി നല്‍കി ബീഗത്തെ ഇന്ത്യയിലേക്ക് അയയ്‌ക്കാനുള്ള നടപടികള്‍ പെട്ടെന്നു പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സുഷമ ട്വീറ്റ് ചെയ്തു.
















