ന്യൂദല്‍ഹി: നദികളില്‍ സുന്ദരി യമുന എന്ന പണ്ടേ പാടിയതാണ്. പുണ്യനദികളായ ഗംഗയ്‌ക്കും യമുനയ്‌ക്കും നിയമപരമായ വ്യക്തിത്വം കോടതി നല്‍കുന്നതിനു എത്രയോ കാലം മുമ്പു തന്നെ ഹിന്ദു സങ്കല്‍പ്പത്തില്‍ അത് യാഥാര്‍ത്ഥ്യമായിരുന്നു. പുരാണങ്ങളില്‍ ഈ രണ്ടു നദികള്‍ക്കും മാനുഷിക രൂപമാണ്.
ഈ രണ്ടു നദികളുടേയും ശുദ്ധീകരണം കേന്ദ്ര സര്‍ക്കാര്‍ നയമായിത്തന്നെ സ്വീകരിച്ച സാഹചര്യത്തില്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഈ ഉത്തരവിനു പ്രാധാന്യം ഏറെയാണ്.
രണ്ടു നദികളുടേയും നിലനില്‍പ്പിനു ഭീഷണിയുള്ള സാഹചര്യത്തിലാണ് ഈ അസാധാരണ വിധിയെന്നു കോടതി തന്നെ വ്യക്തമാക്കുന്നു. പുണ്യ നദികളെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് സലീം എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് രാജീവ് ശര്‍മ, ജസ്റ്റിസ് അലോക് സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
നിയമപരമായ വ്യക്തികളെ സൃഷ്ടിക്കാനുള്ള സുപ്രീംകോടതി വിധികളുടേയും ഭരണഘടനാ നിര്‍ദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് യമുനയ്‌ക്കും ഗംഗയ്‌ക്കും നിയമപരമായ വ്യക്തിത്വം ഝാര്‍ഖണ്ഡ് ഹൈക്കോടതി പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നമാമി ഗംഗാ പദ്ധതിയുടെ ഡയറക്റ്റര്‍, ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി, ഉത്തരാഖണ്ഡ് അഡ്വക്കറ്റ് ജനറല്‍ എന്നിവര്‍ക്കാണ് ഇനി ഗംഗയുടേയേും യമുനയുടേയും അവയുടെ പോഷകനദികളുടേയും സംരക്ഷണച്ചുമതല.
ഗംഗാ മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളോട് ഇതുവരെ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ സഹകരിച്ചിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതു തുടര്‍ന്നാല്‍ കേന്ദ്രത്തിനു നടപടി സ്വീകരിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. ഹിന്ദു സംസ്‌കാരത്തില്‍ ഈ നദികള്‍ക്കുള്ള പ്രാധാന്യം വിധിയില്‍ എടുത്തു പറയുന്നു. ഹിന്ദു
ക്കള്‍ക്ക് ഈ നദികളുമായി ആത്മീയ ബന്ധമുണ്ട്. ഈ നദികളില്‍ മുങ്ങിയാല്‍ പാപമോചനം ലഭിക്കും. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം ജനങ്ങളുടെ ജീവിതത്തിനും നിലനില്‍പ്പിനും ഈ നദികള്‍ ആത്മീയവും ഭൗതികവുമായ സാഹചര്യമൊരുക്കുന്നു. കോടതി വിലയിരുത്തി.
യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയതോടെ ഗംഗാ മാനേജ്‌മെന്റ് ബോര്‍ഡ് യാഥാര്‍ഥ്യമാകുമെന്നുറപ്പായി. ഈ പുണ്യനദികളുടെ സംരക്ഷണത്തിനുള്ള പുതിയ സാഹചര്യത്തിനു വഴിയൊരുങ്ങുമ്പോള്‍ ഝാര്‍ഖണ്ഡ് ഹൈക്കോടിയുടെ ഈ വിധി ആ നീക്കങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും.
















