ന്യൂദല്‍ഹി: എംപിമാരുടെ പ്രാഥമിക കടമ പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കുകയെന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നിങ്ങള്‍ക്ക് പലപലകാര്യങ്ങളുണ്ടാകും. അതൊന്നും പാര്‍ലമെന്റില്‍ ഹാജരാകാതിരിക്കുന്നതിനുള്ള ന്യായീകരണമല്ല.
സഭ നടത്തിക്കൊണ്ട് പോകുന്നതിനുള്ള നിശ്ചിത അംഗങ്ങള്‍ ഉണ്ടാവാതിരുന്ന സാഹചര്യത്തിലാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി തന്റെ അനിഷ്ടം തുറന്ന് പറഞ്ഞത്.
ഇരുസഭകളിലും അംഗങ്ങള്‍ ഹാജരാകുന്നത് കുറവാണെന്ന കാര്യം പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് മോദി ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്റില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഓരോ എംപിമാരും ഉറപ്പുവരുത്തേണ്ടതുണ്ട്. എപ്പോള്‍ വേണമെങ്കിലും ഏത് എംപിയെയും തനിക്ക് വിളിച്ചുവരുത്തുവാനാകുമെന്നും മോദി പറഞ്ഞു.
നേരത്തെ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കര്‍ശനമായ നിര്‍ദ്ദേശം നല്‍കുന്നത് ഇതാദ്യമായിട്ടാണ്.
അവരവരുടെ മണ്ഡലങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതിനിധിയായിട്ടാണ് നിങ്ങള്‍ പാര്‍ലമെന്റില്‍ എത്തിയിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
















