ന്യൂദല്‍ഹി: അയോധ്യയില്‍ രാമായണ മ്യൂസിയത്തിന് ഭൂമി അനുവദിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനം. രാമജന്മഭൂമി ക്ഷേത്രത്തിന് 15 കിലോമീറ്റര്‍ അകലെയായി 20 ഏക്കര്‍ ഭൂമിയാണ് അനുവദിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ഭൂമി കൈമാറുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയതായി കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു.
പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ രാമായണ സര്‍ക്യൂട്ട്, കൃഷ്ണ സര്‍ക്യൂട്ട്, ബുദ്ധ സര്‍ക്യൂട്ട് എന്നിവ നിര്‍മ്മിക്കാനാണ് കേന്ദ്ര പദ്ധതി. രാമായണ സര്‍ക്യൂട്ടിന്റെ ഭാഗമായാണ് അയോധ്യയില്‍ മ്യൂസിയം നിര്‍മ്മിക്കുന്നത്. പദ്ധതിക്ക് 225 കോടി കേന്ദ്രം നേരത്തെ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 154 കോടി രാമായണ മ്യൂസിയത്തിനാണ്.
ഒന്നര വര്‍ഷത്തിനുള്ളില്‍ മ്യൂസിയം യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. കഴിഞ്ഞ അഖിലേഷ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നില്ല. പകരം രാംലീല പാര്‍ക്ക് നിര്‍മ്മിക്കുമെന്നായിരുന്നു അഖിലേഷ് പറഞ്ഞത്. എന്നാല്‍ ഇതിന് നടപടിയുണ്ടായില്ല. ആദിത്യനാഥ് ചുമതലയേറ്റ് ദിവസങ്ങള്‍ക്കകമാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: