കര്‍സേവകപുരത്ത് നടക്കുന്ന ക്ഷേത്രനിര്‍മ്മാണം
ന്യൂദല്‍ഹി: അയോധ്യ കര്‍സേവകപുരത്ത് വിഎച്ച്പിയുടെ ക്ഷേത്ര നിര്‍മ്മാണം തകൃതി. കോടതി വിധിയോ ഒത്തുതീര്‍പ്പ് സാധ്യതകളോ ഒന്നും രാമഭക്തരെ അലട്ടുന്നില്ല. അനുകൂല തീരുമാനം വന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രാമജന്മഭൂമിയില്‍ ക്ഷേത്രം ഉയര്‍ത്തുക എന്നത് മാത്രമാണ് ലക്ഷ്യം. ക്ഷേത്രത്തിനാവശ്യമായ തൂണുകളുള്‍പ്പെടെ എഴുപത് ശതമാനത്തോളം പ്രവൃത്തികളും പൂര്‍ത്തിയായിക്കഴിഞ്ഞു.
തര്‍ക്ക മന്ദിരം തകര്‍ന്നതിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് കര്‍സേവകപുരം. പരമാവധി പ്രവൃത്തികള്‍ ഇവിടെ പൂര്‍ത്തീകരിക്കാനാണ് വിഎച്ച്പിയുടെ ശ്രമം. അനുകൂല തീരുമാനമുണ്ടായാല്‍ ക്ഷേത്രനിര്‍മ്മാണത്തിന് കാലതാമസം ഒഴിവാക്കുന്നതിനാണിത്. തൊണ്ണൂറുകളില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവൃത്തികള്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. പ്രധാന ജോലികളെല്ലാം പൂര്‍ത്തിയായെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.
ക്ഷേത്രനിര്‍മ്മാണം നടക്കുന്ന അറുപത് സെന്റ് സ്ഥലത്തിന്റെ ഇടത് ഭാഗത്ത് രാമജന്മഭൂമി പ്രക്ഷോഭകാലത്ത് കേരളമുള്‍പ്പെടെയുള്ള ഗ്രാമങ്ങളില്‍ നിന്നും പൂജിച്ചെത്തിച്ച കല്ലുകള്‍ അടുക്കി വെച്ചിട്ടുണ്ട്. 268 അടി അഞ്ച് ഇഞ്ച് നീളത്തിലും 128 അടി ഉയരത്തിലുമാണ് ക്ഷേത്രം ഉയരുക. ക്ഷേത്രനിര്‍മ്മാണം കാണുന്നതിനായി ദിവസേന നിരവധി സന്ദര്‍ശകരും ഇവിടെയെത്തുന്നുണ്ട്.
















