ന്യൂദല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്റെ (സിബിഎസ്ഇ) പരീക്ഷാ സംവിധാനത്തില്‍ കാതലായ മാറ്റം വരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍(2017-18) ആറു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളില്‍ ഏകീകരിച്ച വിലയിരുത്തല്‍ സംവിധാനമായിരിക്കും. അധ്യയന വര്‍ഷത്തെ രണ്ടു സമസ്റ്ററുകളായി തിരിക്കും. അര്‍ധ വാര്‍ഷിക പരീക്ഷ, വാര്‍ഷിക പരീക്ഷ എന്നിങ്ങനെയായിരിക്കും പരീക്ഷ സംവിധാനം. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കാനാണ് ഈ മാറ്റമെന്ന് സിബിഎസ്ഇ ചെയര്മാന് ആര്‍കെ ചതുര്‍വേദി പറഞ്ഞു.
അസസ്മെന്റ് സ്കീം, റിപ്പോര്‍ട്ട് കാര്‍ഡ്, പരീക്ഷ എന്നീ കാര്യങ്ങളില്‍ പതിനെട്ടായിരത്തില്‍പ്പരം (18,688) സിബിഎസ്ഇ വിദ്യാലയങ്ങളില്‍ ഇനി ഏകീകരിച്ച രീതിയായിരിക്കും. സിബിഎസ്ഇ സിലബസ് പിന്തുടരുമ്പോഴും ഓരോ സ്കൂളും അവരുടേതായ ശൈലിയിലാണ് ഇക്കാര്യങ്ങള്‍ ചെയ്തിരുന്നത്. എന്നാല്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇതിനെല്ലാം ഏകീകൃത സംവിധാനത്തിനാണ് തീരുമാനിച്ചരിക്കുന്നതെന്ന് ചെയര്മാന് പറഞ്ഞു.
സിബിഎസ്ഇ സിലബസ് പിന്തുടരുന്ന ഒരു സ്കൂളില്‍ നിന്ന് മറ്റൊരു സ്കൂളിലേക്കു മാറുമ്പോള്‍ കുട്ടികള്‍ ഇപ്പോള്‍ അനുഭവിക്കുന്ന വിഷമതകളും ഇതോടെ മാറും. ഏകീകൃത സംവിധാനം വരുന്നതോടെ ഏതു സ്കൂളിലേക്കു മാറിയാലും വിദ്യാര്‍ഥിക്ക് അപരിചിതത്വം അനുഭവപ്പെടില്ല.
ഇപ്പോഴത്തെ എഫ്എ, എസ്എ പരീക്ഷാ രീതികളില്‍ മാറ്റം വരും. എല്ലാ സെമസ്റ്ററിലും പത്തു മാര്‍ക്കിന്റെ പീരിയോഡിക് പരീക്ഷകള്‍ നടത്തും. അര്‍ധവാര്‍ഷിക പരീക്ഷകള്‍ 80 മാര്‍ക്കിന്റേതായിരിക്കും. നോട്ട്ബുക്ക് അവലോകനത്തിനും ഇനി മാര്‍ക്കുണ്ടാവും. ആറാം ക്ലാസില്‍ വാര്‍ഷിക പരീക്ഷയ്ക്ക് പത്തു ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ആദ്യത്തെ ടേമിലെ പാഠഭാഗങ്ങളില്‍ നിന്നായിരിക്കും. ഏഴാം ക്ലാസില്‍ ഇത് ഇരുപതു ശതമാനമാകും. എട്ടാം ക്ലാസില്‍ മുപ്പതു ശതമാനവും.
ആറാം ക്ലാസു മുതല്‍ എട്ടാം ക്ലാസു വരെ എ1 മുതല്‍ ഇ വരെയായിരിക്കും ഗ്രേഡിങ് സംവിധാനം. 91 മുതല്‍ 100 വരെ മാര്‍ക്ക് ലഭിക്കുമ്പോഴാണ് എ1 കിട്ടുക. മുപ്പത്തിരണ്ട് മാര്‍ക്കിനു താഴെയാണെങ്കില്‍ ഇ ഗ്രേഡായിരിക്കും. റിപ്പോര്‍ട്ട് കാര്‍ഡുകളില്‍ സ്കൂളിന്റേയും സിബിഎസ്ഇയുടേയും ലോഗോ നിര്‍ബന്ധമായും പതിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. എല്ലാ സിബിഎസ്ഇ സ്കൂളുകള്‍ക്കും റിപ്പോര്‍ട്ട് കാര്‍ഡുകള്‍ ഇനി ഒരേ തരത്തിലായരിക്കും.
2009 മുതല്‍ തുടരുന്ന രീതിക്കാണ് ഇപ്പോള്‍ മാറ്റം വരുത്തുന്നത്. 2018ലെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് ഈ മാറ്റത്തിന്റെ ഗുണഫലങ്ങള്‍ കാണാം എന്നാണ് ചെയര്മാന് ചതുര്‍വേദി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: