മറയൂര്‍: മറയൂര്‍ ബാബുനഗര്‍ ഗ്രാമത്തില്‍ ഡെങ്കിപ്പനി ബാധിച്ചവരില്‍ എണ്ണം വര്‍ദ്ധിക്കുന്നു. രണ്ട് പേര്‍ക്ക് കൂടി ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. സതീഷ് (27), ബര്‍ല ട്വിങ്കില്‍(26) എന്നിവര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഇവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്‍എസ്‌വണ്‍ ആന്റിജിന്‍ പരിശോധന മാത്രമേമറയൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നടത്തുവാന്‍ സൗകര്യമുള്ളൂ. മറ്റ് പരിശോധനകള്‍ക്ക് അടിമാലി ആശുപത്രിയില്‍ മാത്രമേ സൗകര്യമുള്ളൂ. ബാബുനഗര്‍ 5-ാം വാര്‍ഡില്‍ ഒരിടത്തു താമസിക്കുന്നവരിലാണ് ഡെങ്കിപ്പനി ലക്ഷണം കണ്ടെത്തിയിട്ടൂള്ളത്. പതിമൂന്ന് പേര്‍ക്ക് പനി ബാധിച്ചെങ്കിലും പോസിറ്റീവായി കണ്ടത് നാലുപേരിലാണ്. എന്നാല്‍ മറയൂര്‍ ആരോഗ്യ വകുപ്പിന്റെ കൈവശമുള്ള കണക്ക് ഇതാണെങ്കിലും പനി ബാധിച്ച പലരും തമിഴ് നാട്ടിലേക്ക് പോയതിനാല്‍ എത്ര പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി വ്യക്തതയില്ല.
കഴിഞ്ഞ ഒരാഴ്ചയായി മറയൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സാം സാവിയൊയുടെ നേതൃത്വത്തില്‍ കുടുംബ ശ്രീ പ്രവര്‍ത്തകര്‍, ആഷ വര്‍ക്കര്‍മാര്‍, പഞ്ചായത്ത്, ആശുപത്രി ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് സര്‍വ്വെ നടത്തി ബോധവത്ക്കരണം ചെയ്തു വന്നിരുന്നു. 2013 ലും ഈ മേഖലയില്‍ നിരവധി പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു.
















