കളിമണ്‍ കോര്‍ട്ടില്‍ ഒരു പുത്തന്‍ താരോദയം. ഈ വര്‍ഷത്തെ രണ്ടാമത്തെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സിലാണ് ഇത് സംഭവിച്ചത്. കേവലം 20 വയസ്സു മാത്രമുള്ള ലാത്വിയന്‍ സുന്ദരി യലേന ഓസ്റ്റപെങ്കോ കിരീടം നേടിയപ്പോള്‍ പൊലിഞ്ഞത് ആഞ്ചലിക് കെര്‍ബറും, കരോലിന പ്ലിസ്കോവയും, സിമോണ ഹാലെപ്പും ഉള്‍പ്പെടെയുള്ളവരുടെ കിരീട സ്വപ്നം.
ഒാസ്റ്റപെങ്കോയുടെ കിരീടനേട്ടം നേരത്തെതന്നെ ഒരു ഇതിഹാസതാരം പ്രവചിച്ചിരുന്നു. അത് മറ്റാരുമല്ല, സാക്ഷാല്‍ ക്രിസ് എവര്‍ട്ട്. ടിമേയ ബാസിന്സ്കിക്കെതിരായ സെമിഫൈനലിന് മുമ്പായിരുന്നു ക്രിസിന്റെ ഈ വെളിപ്പെടുത്തല്‍. അതിന് ക്രിസ് എവര്‍ട്ടിന് കാരണവുമുണ്ടായിരുന്നു. കോര്‍ട്ടിലിറങ്ങിയാല്‍ യലേന സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ കളിക്കുന്നു എന്നതായിരുന്നു അത്. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ആഞ്ചലിക് കെര്‍ബറിനായിരുന്നു സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ കെര്‍ബര്‍ ആദ്യ റൗണ്ടില്‍ പുറത്തായതോടെ സിമോണ ഹാലപ്പ്, കരോലിന പ്ലിസ്കോവ, ടിമിയ ബസിന്‍സ്കി എന്നിവര്‍ക്കായി സാധ്യത. എന്നാല്‍ ഇവര്‍ക്കെല്ലാം മുകളിലായി ക്രിസ് മുന്നേതന്നെ ഓസ്റ്റപെങ്കോയുടെ കിരീടനേട്ടം പ്രവചിച്ചതിന്റെ കാരണവും സമ്മര്‍ദ്ദമില്ലാതെ കളിക്കുന്നതു കണ്ടതുകൊണ്ടാണ്.
ഫൈനലിന് മുമ്പ് ക്രിസ് എവര്‍ട്ട് മറ്റൊന്നുകൂടി പറഞ്ഞു. ”മാര്‍ട്ടിന ഹിംഗിസ്, സ്റ്റെഫി ഗ്രാഫ്, മോണിക്ക സെലസ് എന്നിവരുടെ മത്സരങ്ങള്‍ ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. എന്നാല്‍ അവരുടെയൊക്കെ കണ്ണുകളില്‍ കണ്ടിരുന്ന തീക്ഷ്ണത, ഭയമില്ലായ്മ എന്നിവ ഓസ്റ്റപെങ്കോയുടെ കണ്ണുകളിലുമുണ്ട്. ആ പ്രചനമാണ് കഴിഞ്ഞ ദിവസം യാഥാര്‍ത്ഥ്യമായിത്തീര്‍ന്നത്.
ഇതോടെ ടെന്നീസ് കോര്‍ട്ടില്‍ ഒരു രാജകുമാരിയുമായി ഓസ്റ്റപെങ്കോ. ഫൈനലില്‍ പരാജയത്തിന്റെ വക്കില്‍ നിന്നായിരുന്നു കിരീടത്തിലേക്കുള്ള കുതിപ്പ്. ആദ്യ സെറ്റ് ഹാലപ്പിന് അടിയറവെച്ചു. രണ്ടാം സെറ്റില്‍ 4-0ന് പിന്നില്‍. അവിടെ നിന്നായിരുന്നു ചാമ്പ്യനിലേക്കുള്ള കുതിപ്പ്. പിന്നീട് രണ്ടാം സെറ്റില്‍ തുടര്‍ച്ചയായി ആറ് ഗെയിം സ്വന്തമാക്കി. മൂന്നാം സെറ്റിലും ഏറെക്കുറെ ഇതുതന്നെയായിരുന്നു സ്ഥിതി. 3-1ന് പിന്നില്‍ നിന്നശേഷം തിരിച്ചടിച്ചാണ് ഓസ്റ്റപെങ്കോ കിരീടത്തിലേക്ക് വിന്നര്‍ പായിച്ചത്. അതിന് മുന്‍പ് സെമിയില്‍ ടിമിയ ബസിന്‍സ്കി, ക്വാര്‍ട്ടറില്‍ കരോലിന വോസ്നിയാക്കി, നാലാം റൗണ്ടില്‍ സാമന്ത സ്റ്റോസര്‍ എന്നിവരും ഓസ്റ്റപെങ്കോയുടെ കരുത്തില്‍ വീണവരാണ്.
റോളണ്ട് ഗാരോസില്‍ കളമണ്പ്രതലത്തിലെ രാജകുമാരിയായി മാറിയശേഷം ഒസ്റ്റപെങ്കോ പ്രതികരിച്ചത് ഇങ്ങനെയാണ്. ‘എനിക്ക് വിശ്വസിക്കാനാകുന്നില്ല. 20 വയസ്സിനുള്ളില്‍ ഞാന്‍ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയിരിക്കുന്നു’. തന്റെ 20-ാം പിറന്നാള്‍ ആഘോഷിച്ച് മൂന്നുദിവസത്തിനുശേഷമായിരുന്നു ഓസ്റ്റപെങ്കോയുടെ ഈ സ്വപ്നനേട്ടം. ശക്തമായ ഫോര്‍ഹാന്‍ഡുകളാണ് ഒസ്റ്റാപെങ്കോയുടെ കരുത്ത്. പുരുഷ ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെയുടെ ഫോര്‍ഹാന്‍ഡിനേക്കാള്‍ വേഗമേറിയതാണ് ഒസ്റ്റാപെങ്കോയുടെ ഫോര്‍ഹാന്‍ഡുകള്‍ എന്നുവരെ ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കിരീടനേട്ടത്തിനൊപ്പം മറ്റു ചില റെക്കോര്‍ഡുകളും ഓസ്റ്റപെങ്കോ സ്വന്തമാക്കി. ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ ലാത്വിയന്‍ കളിക്കാരി, 1933നുശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ സീഡില്ലാ താരം എന്നീ ബഹുമതികളാണ് കൂട്ടുകാരികള്‍ക്കിടയില്‍ അലോനയെന്ന വിളിപ്പേരുള്ള ഈ സുന്ദരി നേടിയത്. ക്രൊയേഷ്യയുടെ ഇവാ മജോളിക്കു ശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഓസ്റ്റാപെങ്കോ തന്നെ. മജോളി 1997-ല്‍ ജേതാവാകുമ്പോള്‍ പത്തൊന്‍പതു വയസ്സായിരുന്നു പ്രായം.
കഴിഞ്ഞ തവണ ഫ്രഞ്ച് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ഒസ്റ്റാപെങ്കോ ഇക്കുറി ഓസ്ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കടന്നതാണ് ഇതുവരെയുള്ള മികച്ച വിജയം. 2014ല്‍ ജൂനിയര്‍ വിമ്പിള്‍ഡന്‍ ചാമ്പ്യനായിരുന്നു.
ടെന്നീസ് കോര്‍ട്ടിലെ നര്‍ത്തകി എന്ന പേരിലാണ് ഇപ്പോള്‍ ഓസ്റ്റപെങ്കോ അറിയപ്പെടുന്നത്. ഏഴ് വര്‍ഷത്തോളം നൃത്തം പഠിച്ചശേഷമായിരുന്നു ഓസ്റ്റപെങ്കോയുടെ ടെന്നീസിലേക്കുള്ള വരവ്. കോര്‍ട്ടിലെ പദചലനങ്ങളിലെ കൃത്യതയും വിന്നറുകളുതിര്ക്കാനുള്ള കഴിവും പരിചയമ്പന്നതയില് പിന്നിലായിട്ടും പരിഭ്രമമില്ലാതെ കളിക്കുന്നതുമാണ്് ഒാസ്റ്റപെങ്കോയുടെ കരുത്ത്. ടൂര്‍ണമെന്റിലാകെ 245 വിന്നറുകളാണ് ഈ ലാത്വിയന്‍ താരത്തിന്റെ റാക്കറ്റില്‍ നിന്ന് പിറന്നത്. ആ നേട്ടത്തില്‍ ഒാസ്റ്റപെങ്കോ മറ്റു താരങ്ങളെയെല്ലാം പിന്നിലാക്കിയിരിക്കുന്നു.
12-ാം വയസ്സിലാണ് ടെന്നീസില്‍ മാത്രം ശ്രദ്ധയൂന്നിതുടങ്ങിയത്. 1997 ജൂണ്‍ എട്ടിന് ലാത്വിയയിലെ റിഗയില് ജനിച്ച യെലേനയുടെ ഇഷ്ടതാരം അമേരിക്കയുടെ സെറീന വില്ല്യംസാണ്. കായിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ഒസ്റ്റാപെങ്കോയുടെ വരവ്. പിതാവ് യെവ്ജിനിസ് ഒസ്റ്റാപെങ്കോ യുക്രൈനിലെ മുന്‍ ക്ലബ് ഫുട്ബോള്‍ താരവും അമ്മ യെലേന ജകോവ്ലീവ ടെന്നീസ് പരിശീലകയുമായിരുന്നു. ഇനിയുള്ള കാലം ഓസ്റ്റാപെങ്കോ ടെന്നീസിലെ വിസ്മയമായി മാറുമെന്നാണ് ആരാധകരുടെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: