കൊല്ലം: കപ്പലണ്ടിമുക്ക് മുന്‍സിപ്പല്‍ കോളനിയില്‍ എത്തിയ കേന്ദ്രസഹമന്ത്രി രമേശ് ചന്ദപ്പയ്ക്ക് കോളനി നിവാസികള്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. ഉച്ചയ്ക്ക് ഒന്നിനോടെ എത്തിയ അദ്ദേഹത്തെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കോളനിയിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകനായ പ്രേംകുമാറിന്റെ വീട്ടില്‍ കോളനി നിവാസികളുമായി അദ്ദേഹം ആശയവിനിമയം നടത്തി.
അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. നഗരത്തിലെ മാലിന്യം നീക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാരാണ് തമിഴ്നാട്ടില്‍ നിന്നും തങ്ങളെ ഇവിടെ എത്തിച്ചത്. എന്നാല്‍ വര്‍ഷം 60 കഴിയുമ്പോഴും തങ്ങള്‍ക്ക് പട്ടയം നല്‍കാനോ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാനോ അധികാരികള്‍ തയാറാകുന്നില്ലെന്ന് ഇവര്‍ മന്ത്രിയോട് പറഞ്ഞു.
അഴുക്കുചാലില്‍ ജീവിതം ഹോമിക്കുന്ന തങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്ക് പരിഹാരം ഉണ്ടാകണം. ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടാനുള്ള അവസരങ്ങള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ അധികൃതര്‍ നിഷേധിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
അതേസമയം പ്രശ്നങ്ങള്‍ കേട്ട അദ്ദേഹം ഇതിന് പരിഹാരം ഉണ്ടാകുമെന്ന് കോളനിനിവാസികള്‍ക്ക് ഉറപ്പു നല്കി. തുടര്‍ന്ന് ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രവികുമാറിന്റെ വീട്ടില്‍ നിന്നും ഉച്ചഭക്ഷണം. തൂശനിലയില്‍ സദ്യയും കഴിച്ച് ഇറങ്ങിയ അദ്ദേഹത്തിന് ചക്കിലിയാര്‍ സമുദായം നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച നിവേദനവും ഭാരവാഹികള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: