പിലാത്തറ: ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തില്‍ (ഹനുമാരമ്പലം) ശ്രീരാമസ്വാമിയുടെ ശ്രീകോവിലിന് മുകളില്‍ സ്വര്‍ണ്ണത്താഴികക്കുടമായി. വ്യാഴാഴ്ച രാവിലെ തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ വി.വി.ശങ്കരന്‍ ആചാരി താഴികക്കുടം സ്ഥാപിക്കല്‍ ചടങ്ങ് നടത്തി.
ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ സ്വര്‍ണ്ണം പതിച്ച താഴികക്കുടം ക്ഷേത്ര ഭാരവാഹികള്‍ തന്ത്രി മുമ്പാകെ സമര്‍പ്പിച്ചു. തുടര്‍ന്നാണ് ശ്രീകോവിലിന് മുകളില്‍ വിശേഷാല്‍ ചടങ്ങുകളോടെ സ്ഥാപിക്കല്‍ നടന്നത്. ആറു മാസം മുമ്പാണ് താഴികക്കുടം സ്വര്‍ണ്ണം പൊതിയാനുള്ള പദ്ധതി തയ്യാറാക്കിയത്. ഇതിനായി പല അളവിലും തൂക്കത്തിലുമായി ഭക്തജനങ്ങള്‍ സ്വര്‍ണ്ണം സമര്‍പ്പണമായി നല്‍കി. ഇങ്ങനെ ലഭിച്ച മുപ്പത് പവന്‍ പൊന്‍പണമുപയോഗിച്ചാണ് സ്വര്‍ണ്ണം പതിക്കല്‍ പൂര്‍ത്തിയാക്കിയത്. ബംഗളരുവില്‍ നിന്നുള്ള വിദഗ്ദ സംഘം ക്ഷേത്രസന്നിധിയില്‍ വെച്ചാണ് താഴികക്കുടത്തിന് സ്വര്‍ണ്ണം പൊതിഞ്ഞത്. താഴികക്കുട സമര്‍പ്പണത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നടന്നുവരുന്ന താന്ത്രിക ചടങ്ങുകള്‍ ഞായറാഴ്ച രാവിലെ കലശാഭിഷേകത്തോടെ സമാപിക്കും.
















