കണ്ണൂര്‍: പിഎന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐവി ദാസിന്റെ ജന്‍മദിനമായ ജൂലൈ ഏഴ് വരെ സംസ്ഥാന സര്‍ക്കാര്‍ വായനാപക്ഷാചരണമായി ആചരിക്കുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം 19ന് രാവിലെ 9.30ന് മുന്‍സിപ്പല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന കൂട്ടവായനാ പരിപാടി സംഘടിപ്പിക്കും.
വിവിധ ദിവസങ്ങളിലായി എഴുത്തുകാരുടെ സംഗമം, എസ്എസ്എ 90 സ്‌കൂളില്‍ ആരംഭിക്കുന്ന ക്ലാസ് റൂം ലൈബ്രറികളുടെ ഉദ്ഘാടനം, തുടങ്ങിയ പരിപാടികളും പക്ഷാചരണത്തിന്റെ ഭാഗമായി നടക്കും. ജൂലൈ ഏഴിന് താലുക്ക് കേന്ദ്രങ്ങളില്‍ സമാപന പരിപാടിയും ഐവി ദാസ് അനുസ്മരണവും സംഘടിപ്പിക്കും. വായനശാലകള്‍, സ്‌കൂളുകള്‍, സാക്ഷരതാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളും സംഘടിപ്പിക്കും. പക്ഷാചരണ പരിപാടികളുടെ വിജയത്തിനായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.കെ.ശ്രീമതി എംപി, മേയര്‍ ഇപി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ കലക്ടര്‍ മീര്‍ മുഹമദലി ചെയര്‍മാനും ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.ബൈജു കണ്‍വീനറുമായി ജില്ലാ സംഘാടക സമിതി തീരുമാനിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന സംഘാടസസമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് യൂസഫ്, എം.ബാബുരാജ്, പി.വി.പുരുഷോത്തമന്‍, ഇ.കെ പത്മനാഭന്‍, പി.കെ.ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
















