മനുഷ്യരെ സുന്ദരികളും സുന്ദരന്മാരുമായി കണ്ട മലയാളത്തിന്റെ പ്രിയ കഥാകാരന് ഉറൂബ് എന്ന പി.സി.കുട്ടികൃഷ്ണന്റെ ജന്മദിനം ഇന്ന്. കഥകളും നോവലുകളും സ്മരണകളുമായി മലയാളി നെഞ്ചുചേര്ക്കുന്ന പുസ്തകങ്ങളാണ് ഉറൂബിന്റേത്.
സ്വന്തം വായനക്കാര്‍ക്ക് ഭാവിയില്‍ താന്‍ നിത്യയൗവനമുള്ള എഴുത്തുകാരനായിരിക്കും എന്നു കരുതിയായിരിക്കണം ഉറൂബ് എന്ന തൂലികാനാമം അദ്ദേഹം സ്വന്തമാക്കിയത്. നിത്യയൗവനമുള്ളയാള് എന്നാണ് ഉറൂബ് എന്ന വാക്കിന് അര്‍ഥം.
1915 ജൂണ്‍ എട്ടിന് ഉറൂബ് പൊന്നാനിയില്‍ ജനിച്ചു. കുറെക്കാലം നാടുംവീടും വിട്ട് അലഞ്ഞു. ജീവിതത്തെക്കുറിച്ച് കൂടുതല്‍ തെളിവിനും വെളിവിനും അലച്ചില്‍ ഇടയാക്കി. എല്ലാ എഴുത്തുകാരേയുംപോലെ കവിതയാണ് ഉറൂബ് ആദ്യം എഴുതിയത്. കുറെക്കാലം മുണ്ടശേരിയുടെ കേട്ടെഴുത്തുകാരനായി. സാഹിത്യത്തിലെ മഹാരഥന്മാരുമായുള്ള സഹവാസമാണ് ഉറൂബിന്റെ ഉള്ളിലെ പ്രതിഭയുടെ മാറ്റുരച്ചത്. കുട്ടികൃഷ്ണ മാരാരാണ് കവിതയില്‍ നിന്നും കഥയിലേക്കു പറിച്ചു നട്ടത്.
മലയാള സാഹിത്യത്തിലെയും ഭാഷയിലേയും തലയെടുപ്പുള്ള പൊന്നാനി പാരമ്പര്യത്തിലെ ശക്തനായ കണ്ണിയാണ് ഉറൂബ്. വളളുവനാടന് ഭാഷാ സൗന്ദര്യം കടഞ്ഞെടുത്ത നൈസര്ഗികതയുടെ നിലാവെട്ടം ഉറൂബ് രചനകളില്‍ സമൃദ്ധമാണ്. ഭാഷയുടെ കാവ്യനീതി ചാര്‍ത്തുന്ന കൂടുതല്‍ ഭംഗികള്‍ നിറഞ്ഞതാണ് മലയാളത്തിന്റെ തന്നെ ക്ളാസിക് കൃതിയായി കണക്കാക്കപ്പെടുന്ന നോവല്‍ സുന്ദരികളും സുന്ദരന്മാരും. ചുറ്റുവട്ടത്തില്‍ കണ്ട ജീവിതത്തിന്റെ നിലാവും നക്ഷത്രങ്ങളും ബ്ളാക് ഹോളുമൊക്കെയാണ് സുന്ദരികളും സുന്ദരന്മാരിലും കാണുന്നത്.
ജാതി മതങ്ങള്‍ക്കപ്പുറം സ്നേഹ സ്ഫടികമുള്ള മനുഷ്യരുടെ മനസാണ് അവര്‍ക്കു സൗന്ദര്യം നല്‍കുന്നതെന്നാണ് ഉറൂബ് വിശ്വസിച്ചത്. മഞ്ഞിന് മറയിലെ സൂര്യന്, രാച്ചിയമ്മ, അണിയറ, മിണ്ടാപ്പെണ്ണ്, ഉമ്മാച്ചു, അമ്മിണി, എന്റെ ശനിയാഴ്ചകള് തുടങ്ങിയ രചനകളും അദ്ദേഹത്തിന്റെതായുണ്ട്. ഉമ്മാച്ചു സാമൂഹിക പ്രശ്നങ്ങളാണ് ചര്‍ച്ച ചെയുന്നതെങ്കില്‍ മനസിന്റെ അന്തര്‍മുഖത്വമാണ് അണിയറ. നോവലുകളായ മിണ്ടാപ്പെണ്ണും അണിയറയും സിനിമയായിട്ടുണ്ട്. മനോരമ ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി എഴുതിയ സ്മരണകളാണ് എന്റെ ശനിയാഴ്ചകള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: