തിരുവനന്തപുരം: ദേശീയപാതയിലെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത് അഡ്വക്കേറ്റ് ജനറലിന്റെ വീഴ്ചയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍. കോടതി പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ചതാണ് സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും വെട്ടിലാക്കിയത്.
കോഴിക്കോട് മലപ്പുറം ജില്ലയിലെ എട്ട് ബാര്‍ ഉടമകളാണ് ദേശീയ പാതാ അതോറിറ്റിയുടെ പഴയ സര്‍ക്കുലറിന്റെ ബലത്തില്‍ കോടതിയെ സമീപിച്ചത്. കൊച്ചി-കണ്ണൂര്‍-കുറ്റിപ്പുറം പാത 45 മീറ്ററാക്കാനുള്ള വികസനം മുടങ്ങിയപ്പോള്‍ ദേശീയപാതാ അംഗീകാരം എടുത്ത് കളയുന്നു എന്ന് കാട്ടി ദേശീയപാതാ അതോറിറ്റി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ കത്താണ് ബാര്‍ ഉടമകള്‍ ആയുധമാക്കിയത്. എന്നാല്‍ നിലവില്‍ കണ്ണൂര്‍-കുറ്റിപ്പുറം വികസന പദ്ധതി പുനരാരംഭിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ പദവി തിരികെ ലഭിക്കും. ഹൈവേ അതോറിറ്റിയുടെ സര്‍ക്കുലര്‍ പ്രകാരം ദേശീയ പാത ആണോ എന്ന് ഉറപ്പ് വരുത്തി നടപടി എടുക്കണമെന്നായിരുന്നു മെയ് 22 ന് കോടതി നല്‍കിയ താത്കാലിക ഉത്തരവ്.
ബാര്‍ ഉടമകള്‍ ഉത്തരവുമായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരെ സമീപിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ എജിയോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചു നല്‍കി. കൊച്ചി-കണ്ണൂര്‍-കുറ്റിപ്പുറം ദേശീയപാത അല്ലെന്നും ബാറുകള്‍ക്ക് അനുമതി നല്‍കാമെന്നുമാണ് കോടതി ഉത്തരവെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉപദേശം നല്‍കി. ഇതോടെ കോഴിക്കോടും മലപ്പുറത്തും ബാറുകള്‍ക്കും ഷാപ്പുകള്‍ക്കും അനുമതി നല്‍കി. കേസിന് പോയ എട്ടുപേര്‍ക്ക് മാത്രമല്ല കണ്ണൂരിലെ ആറു ബാറുകള്‍ക്കും നാല് കള്ളുഷാപ്പുകള്‍ക്കും എജിയുടെ ഉപദേശത്തില്‍ അനുമതി നല്‍കി. എന്നാല്‍ വ്യക്തമായി രേഖാമൂലം എജി റിപ്പോര്‍ട്ട് നല്‍കാത്തതിനാല്‍ എറണാകുളം, തൃശൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയില്ല.
തിരുവന്തപുരം-ചേര്‍ത്തല ദേശീയപാതകളുടെ കേസും കൊച്ചി-കണ്ണൂര്‍-കുറ്റിപ്പുറം കേസുകളും വീണ്ടും പരിഗണിച്ചതോടെയാണ് എജി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്. കൊച്ചി-കണ്ണൂര്‍-കുറ്റിപ്പുറം ദേശീയപാതയല്ലെന്ന് വ്യക്തമാക്കിയ എജി ഇന്നലെ ഇരു പാതകളും ദേശീയപാതയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. അപ്പോഴേക്കും സര്‍ക്കാരിനെയും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍മാരെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇതോടെ ബാറുകളുടെ കാര്യത്തില്‍ സാര്‍ക്കാര്‍ വെട്ടിലായി. പിന്നാലെ എക്‌സൈസ് കമ്മീഷ്ണര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതും വിവാദമായി.
















