ആലപ്പുഴ: ദേശീയ തൊഴിലുറപ്പു പദ്ധതി നടത്തിപ്പില്‍ ആലപ്പുഴ ജില്ലയിലെ വീയപുരം ഗ്രാമപഞ്ചായത്തിന് ദേശീയതലത്തില്‍ നാലാം സ്ഥാനം. മികച്ച പ്രകടനം കാഴ്ചവച്ച രാജ്യത്തെ 12 ഗ്രാമപഞ്ചായത്തുകളിലൊന്നാണ് വീയപുരം. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്ന വിവിധ മാനദണ്ഡങ്ങള്‍ പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഈ അംഗീകാരം നല്‍കിയത്. നവീന പദ്ധതികള്‍ ഏറ്റെടുക്കുന്നതിലും ആസ്തി വികസന പ്രവൃത്തികള്‍ ഏറ്റെടുത്തും വീയപുരം മാതൃകയായി. ഇവിടെ 2,882 തൊഴിലാളികള്‍ക്കായി 1,288 തൊഴില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ഇവരില്‍ 1,123 സജീവ തൊഴിലാളികളാണ്.
348 പട്ടികജാതി കുടുംബങ്ങള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് 15,730 തൊഴില്‍ ദിനങ്ങള്‍ ലഭ്യമായി. ഇത് പഞ്ചായത്തില്‍ ആകെ സൃഷ്ടിക്കപ്പെട്ട തൊഴില്‍ ദിനങ്ങളുടെ 34 ശതമാനമാണ്. പദ്ധതിയില്‍ അംഗങ്ങളായ ഓരോ കുടുംബത്തിനും ശരാശരി 58 തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.
ജോലി ആവശ്യപ്പെട്ട് 14 ദിവസത്തിനകം ജോലിയും ജോലി ലഭിച്ച് 14 ദിവസത്തിനകം കൂലിയും നല്‍കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ മാനദണ്ഡങ്ങളിലും മുന്‍ നിരയിലെത്താന്‍ പഞ്ചായത്തിന് സാധിച്ചു. അടുത്ത മാസം 19ന് ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസാദ്കുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
















