തിരുവല്ല: പൊയ്‌കയില്‍ ആചാര്യഗുരുവിന്റെ 91-ാം ജന്മദിനം ശനിയാഴ്ച പ്രത്യക്ഷ രക്ഷാദൈവസഭ ആഘോഷിക്കും. ഇതിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥന, ജന്മദിനസമ്മേളനം, സംഗീതാരാധന, ആത്മീയ യോഗം, ആത്മീയ പ്രഭാഷണം, വിവിധ കലാപരിപാടികള്‍ എന്നിവ നടത്തും.
കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളില്‍ നടക്കുന്ന ജന്മദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ശനിയാഴ്ച രാവിലെ 8ന് ശ്രീകുമാര ഗുരുദേവ മണ്ഡപത്തിലെ പ്രത്യേക പ്രാര്‍ത്ഥനക്ക് ശേഷം സഭാ ആസ്ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗറില്‍ സഭാ പ്രസിഡന്റ് വൈ. സദാശിവന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് 9ന് പിആര്‍ഡിഎസ്സ് കലാ വിഭാഗമായ ആചാര്യ കലാക്ഷേത്രം സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന സംഗീതാരാധന സഭാ പ്രസിഡന്റ് വൈ. സദാശിവന്‍ ഉദ്ഘാടനം ചെയ്യും.
സംഗീതാരാധനക്ക് മുന്നോടിയായി തങ്കവിലാസം ബംഗ്ലാവിലെ ആചാര്യഗുരു സന്നിധാനത്ത് പ്രത്യേക പ്രാര്‍ത്ഥന നടക്കും. ഗുരുകുല ശ്രേഷ്ഠന്‍ ഇ.ടി. രാമന്‍ ജന്മദിനസന്ദേശം നല്‍കും. സംഗീതാരാധന വൈകിട്ട് 4ന് സമാപിക്കും. സഭാ പ്രസിഡന്റ് വൈ. സദാശിവന്‍, വൈസ് പസിഡന്റ് എം.എസ്സ്. കുട്ടപ്പന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.ഡി. രാജന്‍, സി.കെ. നാരായണന്‍, ജോയിന്റ് സെക്രട്ടറി കെ.റ്റി. വിജയന്‍, ഖജാന്‍ജി പി.കെ. രാരിച്ചന്‍,ഗുരുകുല ഉപശ്രേഷ്ഠന്മാരായ കെ. ആര്‍. സോമന്‍, എം. ഭാസ്‌കരന്‍, എന്നിവര്‍ ശാഖകളില്‍ ആത്മീയപ്രഭാഷണങ്ങള്‍ നടത്തും.
















