ആലപ്പുഴ: അറബ് രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതോടെ കേരളത്തില്‍ നിന്ന് ഖത്തറിലേക്കുള്ള പച്ചക്കറി കയറ്റുമതി അനിശ്ചിതത്വത്തിലായി. ആലപ്പുഴയില്‍ നിന്ന് ഖത്തറിലേക്കുള്ള പച്ചക്കറി കയറ്റുമതിയാണ് അറബ് രാജ്യങ്ങള്‍ നയതന്ത്രബന്ധം വിച്ഛേദിച്ചതോടെ ആശങ്കയിലായിരിക്കുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ദിവസേന വിമാനത്തിലും കൊച്ചി തുറമുഖം വഴിയുമാണ് പച്ചക്കറി കയറ്റുമതി ചെയ്തിരുന്നത്. വിമാനങ്ങള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ ദിവസേന പച്ചക്കറി കയറ്റിയയക്കുന്നതിന് തടസ്സമാകും. കൊച്ചി തുറമുഖം വഴി ദുബൈ തുറമുഖത്തെത്തിച്ചാണ് ഖത്തറിലേക്ക് കൊണ്ടുപോയിരുന്നത്.
യു എ ഇ ഖത്തറിലേക്കുള്ള എല്ലാ ഗതാഗത മാര്‍ഗങ്ങളും അടച്ചതോടെ കേരളത്തിന് ഇത് വലിയ തിരിച്ചടിയാകും. ചെറിയ കപ്പലുകളിലും റോഡുമാര്‍ഗവുമാണ് ദുബൈയില്‍ നിന്ന് കണ്ടെയ്നറുകള്‍ കൊണ്ടുപോയിരുന്നത്. ഇതെല്ലാം നിലച്ച അവസ്ഥയിലാണെന്ന് കയറ്റുമതിക്കാര്‍ പറയുന്നു.
















