ജി2ജി മാനേജ്മെന്റ് സര്‍വീസസിന്റെ ഉദ്ഘാടനം ഡോ. ഇ. ശ്രീധരന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കുന്നു. ഡോ. കെ. പി. ഹരിദാസ്, ഡോ. കുഞ്ചെറിയ പി. ഐസക്, ജിജി തോംസണ്‍, ഡോ. എം. അയ്യപ്പന്‍, ജോര്‍ജ് തോമസ് സമീപം
തിരുവനന്തപുരം: മികച്ച നേതൃനിരയെ വാര്‍ത്തെടുക്കാന്‍ മൂല്യങ്ങള്‍ക്കും നൈതികതയ്‌ക്കുമാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് മെട്രോമാന്‍ ഡോ ഇ. ശ്രീധരന്‍. എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് മുന്‍ സിഎംഡി ഡോ എം. അയ്യപ്പന്റെ നേതൃത്വത്തില്‍ മൂല്യാധിഷ്ഠിത നേതൃനിരയെ വാര്‍ത്തെടുക്കുന്നതിനായി രൂപീകരിച്ച ഗുഡ് ടു ഗ്രേറ്റ് (ജി 2 ജി) മാനേജ്മെന്റ് സര്‍വീസസ് എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമയനിഷ്ഠ, തൊഴിലിനോട് ആത്മാര്‍ഥത, മത്സരയോഗ്യത, പ്രതിജ്ഞാബദ്ധത എന്നിവയാണ് മികച്ച നേതൃത്വത്തിനും തൊഴില്‍സംസ്‌കാരത്തിനും അനുയോജ്യമായ നിര്‍ണായകഘടകങ്ങള്‍. ഈ മൂല്യങ്ങളില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസമായിരിക്കണം പകരേണ്ടത്.
ദല്‍ഹി മെട്രൊ റെയില്‍ കോര്‍പ്പറേഷന് 2008 ല്‍ ഏറ്റവും മികച്ച കോര്‍പ്പറേറ്റ് സ്ഥാപനത്തിനുള്ള ഇന്ത്യന്‍ മാനേജ്മെന്റ് അസോസിയേഷന്റെ പുരസ്‌കാരം ലഭിച്ചത് ഡിഎംആര്‍സിയുടെ മികച്ച തൊഴില്‍ സംസ്‌കാരത്തിന് തെളിവാണ്. ഒരു സ്ഥാപനത്തിന്റെ വിജയം അളക്കേണ്ടത് അത് സമൂഹജീവിതത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളിലൂടെയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി 2 ജിയുടെ ചീഫ് മെന്റര്‍ കൂടിയാണ് ഡോ. ഇ. ശ്രീധരന്‍.
എ.പി.ജെ. അബ്ദുള്‍ കലാം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കുഞ്ചെറിയ പി. ഐസക് അധ്യക്ഷനായി. ജിജി തോംസണ്‍ പാനല്‍ ചര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കി. ലോര്‍ഡ്സ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. കെ.പി. ഹരിദാസ്, ഡോ. എം. അയ്യപ്പനുമായി ജി 2 ജിയുടെ ആദ്യ ധാരണാപത്രം കൈമാറി. ജി 2 ജിയുടെ എംഡി മനോജ് ഗോപാലകൃഷ്ണ, ഡയറക്ടര്‍ ജോര്‍ജ് തോമസ്, കെ. നന്ദകുമാര്‍, കാനറാ ബാങ്ക് റീജിയണല്‍ ഹെഡ് ബി. ആനന്ദ്, ഗണേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
















