ജയ്‌പൂര്‍: മൊബൈല്‍ നെറ്റ്‌വർക്ക് ഇല്ലാത്തതിനെ തുടർന്ന് കേന്ദ്രമന്ത്രി ഫോൺ വിളിക്കുവാൻ മരത്തിൽ കയറി. കേന്ദ്രധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘവാളിനാണ് ദയനീയമായ ഈ അവസ്ഥ നേരിടേണ്ടി വന്നത്. തന്റെ മണ്ഡലമായ രാജസ്ഥാനിലെ ബിക്കാനീറിലെ ധോലിയ ഗ്രാമത്തില്‍വച്ചാണ് സംഭവമുണ്ടായത്.
തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുവാനും പരിഹാരം കാണാനും വേണ്ടിയാണ് മന്ത്രി എത്തിയത്. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നുണ്ട് എന്ന് നാട്ടുകാർ മന്ത്രിയോട് പരാതി പറഞ്ഞു. ഇതേ തുടർന്ന് ഇവിടെ വച്ചു തന്നെ മന്ത്രി ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു.
എന്നാൽ ഫോണിൽ നെറ്റ്‌വർക്ക് സൗകര്യം ലഭിച്ചില്ല. തുടർന്ന് അദ്ദേഹത്തോട് മരത്തിൽ കയറിയാൽ നെറ്റ്‌വർക്ക് ലഭിക്കുമെന്നും നാട്ടുകാർ പറഞ്ഞു. തുടര്‍ന്ന് ഏണി മരത്തില്‍ ചാരി കയറിയാണ് അദ്ദേഹം ഫോണ്‍ വിളിച്ചത്.
ഏതായാലും മന്ത്രിയുടെ മരത്തില്‍ കയറിയുള്ള ഫോണ്‍ വിളി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് അറിയിച്ച ശേഷമാണ് മന്ത്രി ഗ്രാമം വിട്ടത്.
















