പാറ്റ്‌ന: സുശീലാ ദേവി എന്ന അമ്പതു വയസുകാരി ഭര്‍ത്താവിന്റേയും മകന്റേയും നടുവില്‍ മരവിച്ചിരിക്കുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ മുമ്പാണ് ആശുപത്രിക്കിടക്കയില്‍ സുശീല ഈ ലോകത്തോടു വിടപറഞ്ഞത്.
ബൈക്കിലിരുത്തിയാണ് സുശീലയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നത്. ബൈക്ക് ഓടിക്കുന്നത് മകന്‍ പപ്പു. പിന്നില്‍ അവരെ ചേര്‍ത്തു പിടിച്ച് ഭര്‍ത്താവ് ശങ്കര്‍ ഷാ.
ബീഹാറിലെ പുര്‍നിയ ജില്ലയിലെ റാണിബാരി ഗ്രാമവാസിയാണ് ശങ്കര്‍ ഷാ. കുറച്ചു ദിവസമായി ഭാര്യ സുശീല, പുര്‍ണിയയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അവര്‍ ഈ ലോകത്തോടു വിടപറഞ്ഞു. ഏറെ അകലെയാണ് ഗ്രാമം.
ഈ ആശുപത്രിയിലെ ആംബുലന്‍സ് കുറച്ചു നാളായി കേടായിക്കിടക്കുകയാണ്. ആംബുലന്‍സ് ആവശ്യമുള്ളവര്‍ പുറത്തുനിന്നു വരുത്തണം. ആശുപത്രിയിലെ ജീവനക്കാരോട് ശങ്കര്‍ താണപേക്ഷിച്ചിട്ടും ആംബുലന്‍സ് പുറത്തു നിന്നു വിളിക്കാനാണ് പറഞ്ഞത്.
സ്വകാര്യ ആംബുലന്‍സ് വിളിച്ചപ്പോള്‍ ഡ്രൈവര്‍ ചോദിച്ചത് 2,500 രൂപ. സാധാരണ തൊഴിലാളിയായ ശങ്കറിന് ഇതു താങ്ങാവുന്നതിനപ്പുറമായിരുന്നു. ഭാര്യയുടെ ചികിത്സാ ചെലവുകള്‍ക്കു പണം കണ്ടെത്തിയതു തന്നെ ഏറെ വിഷമിച്ച്.
മകന്‍ പപ്പുവാണ് പറഞ്ഞത് അമ്മയെ ബൈക്കില്‍ വീട്ടിലെത്തിക്കാമെന്ന്. അതു സ്വീകരിക്കുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല ആ അച്ഛന്. ബൈക്കിന്റെ നടുവില്‍ സുശീലയുടെ മൃതദേഹം വച്ച് മകന്റെ ശരീരത്തോടു ചേര്‍ത്ത് തുണി കൊണ്ട് കെട്ടി. മകനേയും ഭാര്യയേയും ചേര്‍ത്തു പിടിച്ച് പിന്നില്‍ ശങ്കര്‍.
ദയനീയമായ ഈ ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചപ്പോള്‍ പെട്ടെന്ന് ജില്ലാ ഭരണകൂടം ഉണര്‍ന്നു. അന്വേഷണ പ്രഖ്യാപനമടക്കമുള്ള പതിവു പ്രഹസനങ്ങളായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് പങ്കജ് കുമാര്‍ പാല്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു.
ആംബുലന്‍സ് കേടായെന്ന് മേലധികാരികളെ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നു വിലപിക്കുന്നുണ്ട്, ആശുപത്രിയുടെ ചുമതലക്കാരന്‍ സര്‍ജന്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ദുരവസ്ഥയുടെ തുടര്‍ച്ചയായ തെളിവുകളിലൊന്നാണ് ഈ സംഭവം.
ആംബുലന്‍സിനു നല്‍കാന്‍ കാശില്ലാതെ ഉറ്റവരുടെ മൃതദേഹം ഗ്രാമത്തിലെത്തിക്കാന്‍ തോളിലേറ്റിയും സൈക്കിളിലിരുത്തിയും അലഞ്ഞ എത്രയോ സംഭവങ്ങളാണ് അടുത്തിടെ പുറത്തുവന്നത്.
ദൂരെ റാണിബാരി ഗ്രാമത്തില്‍ സുശീലയുടെ ചിത കത്തിയമര്‍ന്നിട്ടുണ്ടാവും. പക്ഷേ, ഒരച്ഛന്റേയും മകന്റേയും ശരീരത്തില്‍ നിന്ന് ആ തണുപ്പു മാറിയിട്ടില്ല. മരവിച്ച ഒരു ശരീരത്തോടു ചേര്‍ന്നിരിക്കുകയായിരുന്നല്ലോ അവര്‍… കിലോമീറ്ററുകളോളം!
















