പാറ്റ്ന: മനുഷ്യ മനസാക്ഷിയെ ഏറെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ബീഹാറിലെ മെഡിക്കൽ കോളേജിൽ നിന്നും പുറത്ത് വരുന്നത്. പ്രായാധിക്യത്താൽ മരണപ്പെട്ട വയോധികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിൽ കൊണ്ടു പോയത് മാലിന്യം നീക്കുന്ന ഒന്തു വണ്ടിയിൽ.
ബീഹാറിലെ മുസാഫർപുർ ജില്ലയിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലാണ് സംഭവം. ബുധനാഴ്ച വൈകീട്ട് ആശുപത്രിയുടെ സമീപത്തുള്ള പാർക്കിൽ വച്ചാണ് സ്ത്രീ മരിച്ചത്. തുടർന്ന് സ്ട്രച്ചറിന്റെ അഭാവത്തിൽ ആശുപത്രി ജീവനക്കാരൻ മൃതദേഹം മാലിന്യം നീക്കുന്ന ഒന്തു വണ്ടിയിൽ മോർച്ചറിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഈ രംഗം ആശുപത്രിയിൽ ഉണ്ടായിരുന്ന ആരോ മൊബൈലിൽ പകർത്തി നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ചിത്രം വൈറലായതോടെ ജില്ലാ മജിസ്ട്രേറ്റ് ധർമ്മേന്ദ്ര സിങ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം സ്ത്രീ പാർക്കിൽ മരണത്തോട് മല്ലിടുന്ന വിവരം ആശുപത്രിയിൽ അറിയിച്ചിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് പരക്കെ ആക്ഷേപം ഉണ്ട്.
















