പള്ളുരുത്തി: വീപ്പയില്‍ നിന്ന് പറമ്പില്‍ പരന്നൊഴുകിയ ടാറില്‍ വീണ നായക്കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു. .തോപ്പുംപടി സുറിയാനി പള്ളിക്ക് സമീപം ഇ.എസ്.ഐ റോഡിലാണ് സംഭവം. ടാറില്‍ വീണ് അനങ്ങാന്‍ സാധിക്കാതെ നായക്കുട്ടികളുടെ ശരീരത്തില്‍ ടാര്‍ ഒട്ടിപിടിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പ്രദേശവാസിയും ഡിവിഷന്‍ കൗണ്‍സിലര്‍ കെ.എച്ച്.പ്രീതിയുടെ മകന്‍ വിനയ്, ജഗതി എന്നിവര്‍ ചേര്‍ന്നാണ് നായയക്കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചത് തുടര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തകനായ മുകേഷ് ജെയിനും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
വെറ്റിനറി ഡോക്ടറുടെ ഉപദേശാനസരണം സസ്യ എണ്ണ ഉപയോഗിച്ചാണ് ടാര്‍ നീക്കുകയായിരുന്നു. ഇതിനായി എട്ട് ലിറ്ററോളം എണ്ണവേണ്ടി വന്നു.എട്ട് മണിക്കൂറോളം സമയം ചിലവഴിച്ചാണ് ഇവര്‍ ടാര്‍ നീക്കം ചെയ്തത്. ടാര്‍ നീക്കം ചെയ്ത ശേഷം നായക്കുട്ടികളെ പള്ളുരുത്തി മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
















