പാലാ: പഞ്ചായത്തുകുളത്തില്‍ മുങ്ങിത്താഴ്ന്ന സഹോദരങ്ങളായ ആണ്‍കുട്ടികളെ റിട്ട. എസ് ഐ കുളത്തിലേക്ക് എടുത്തുചാടി സാഹസികമായി രക്ഷിച്ചു. രാമപുരം പഞ്ചായത്തിലെ മേതിരിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. മേതിരി ചക്കാലയ്‌ക്കല്‍ സുനില്‍കുമാര്‍-രേണുക ദമ്പതികളുടെ മക്കളായ ദേവനന്ദനും (10) മഹാദേവനുമാണ് (8) നാലാള്‍ പൊക്കത്തില്‍ വെള്ളമുള്ള കുളത്തില്‍ വീണത്. കളികഴിഞ്ഞ് കാല്‍കഴുകാനായി മഹാദേവനാണ് ആദ്യം കുളത്തിലിറങ്ങിയത്.
കാല്‍വഴുതി മഹാദേവന്‍ കുളത്തിലേക്ക് വീണയുടന്‍ ഒപ്പമുണ്ടായിരുന്ന ചേട്ടന്‍ ദേവനന്ദന്‍ രക്ഷിക്കാനായി പുറകെ ചാടി. ഇരുവര്‍ക്കും നീന്തല്‍ അറിയുമായിരുന്നില്ല. ഇവരോടൊപ്പമുണ്ടായിരുന്ന ഒമ്പതുവയസ്സുകാരനായ ഗോകുല്‍ അയല്‍വാസിയായ റിട്ട. എസ്.ഐ കെ.എന്‍ രവീന്ദ്രന്റെ വീട്ടില്‍ ഓടിയെത്തി വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹം ഓടിയെത്തി കുളത്തിലേക്ക് ചാടി. ആദ്യം മഹാദേവനെ കരയിലേയ്‌ക്ക് കയറ്റി. വീണ്ടും ചാടി, കുളത്തിലേക്ക് താന്നുകൊണ്ടിരുന്ന ദേവനന്ദനെയും ഒറ്റക്കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് നീന്തി കരയിലെത്തിക്കുകയായിരുന്നു. കുട്ടികള്‍ ഇരുവരുടെയും ഉള്ളില്‍ ചെന്നിരുന്ന വെള്ളം രവീന്ദ്രന്‍ പ്രഥമശുശ്രൂഷ നല്കി പുറത്തു കളഞ്ഞു.
















