സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ്: പാരീസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കാണുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗില്‍ അന്താരാഷ്‌ട്ര സാമ്പത്തിക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി. ആഗോള കാലാവസ്ഥാ വ്യതിയാനത്തിനു പരിഹാരം കാണാനുള്ള നിര്‍ണായകമായ പാരീസ് ഉച്ചകോടി ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറിയതിനെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ പ്രസ്താവന. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സാന്നിധ്യത്തിലാണ് മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്തത്.
പാരിസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുടെ അടുത്ത തലമുറയ്‌ക്കു വേണ്ടി ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമായി മുന്നോട്ടു പോകും, മോദി പറഞ്ഞു. മൂന്നു ദിവസം മുമ്പ് ഇക്കാര്യം താന്‍ ജര്‍മനിയില്‍ പറഞ്ഞതാണ്. അന്ന് മറ്റാരും അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നില്ല. അതിപ്പോഴും ആവര്‍ത്തിക്കുന്നു, മോദി പറഞ്ഞു.
അമേരിക്കയുടെ ഭാഗത്താണോ ഇന്ത്യ എന്നു പിന്നീടു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇന്ത്യ വരും തലമുറകളുടെ ഭാഗത്താണ് എന്നായിരുന്നു മോദിയുടെ മറുപടി.
















