ന്യൂദല്‍ഹി: കന്നുകാലിച്ചന്തകളില്‍ അറവുമാടുകളുടെ വില്പ്പനയ്‌ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തോട് മൗനസമ്മതം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ വിഷയത്തില്‍ അകലം പാലിക്കുകയാണ് ദേശീയ നേതൃത്വം.
ഉത്തരവിനെതിരെ രൂക്ഷമായി പ്രതികരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണിയെ പിന്തുണക്കാനും മറ്റ് നേതാക്കള്‍ തയ്യാറായില്ല. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പശുക്കുട്ടിയെ പരസ്യമായി കഴുത്തറുത്തതില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നതും കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. ദേശീയ നേതൃത്വത്തിന്റെ നിലപാട് കേരളത്തിലെ കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി. ഇതിനിടെ, ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗോവധനിരോധനത്തെ എതിര്‍ക്കുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
വിജ്ഞാപനമിറങ്ങി ഒരാഴ്ച പിന്നിടുമ്പോഴും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ പ്രതികരിച്ചിട്ടില്ല. അതേ സമയം കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് ക്രൂരതയെ ശക്തമായി അപലപിക്കുകയും ചെയ്തു. കേന്ദ്ര ഉത്തരവ് കീറിയെറിയണമെന്ന് പ്രതികരിച്ച ആന്റണിയുടെ അമിതാവേശം കണ്ണൂര്‍ സംഭവത്തിന് ഊര്‍ജ്ജമായെന്ന അതൃപ്തിയും മറ്റ് നേതാക്കള്‍ക്കുണ്ട്. യൂത്ത് കോണ്‍ഗ്രസ് നടപടിയെ പത്രസമ്മേളനത്തില്‍ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല ബിജെപി നീക്കം ധ്രുവീകരണത്തിനാണെന്ന വാചകത്തില്‍ പ്രതികരണം അവസാനിപ്പിച്ചു. മറ്റ് ദേശീയ നേതാക്കള്‍ മൗനത്തിലാണ്. കേരളത്തില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിക്കുന്ന സംസ്ഥാന നേതാക്കളുടെ നടപടിയിലും ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്. വിഷയത്തില്‍ ബിജെപിയും ഹിന്ദു സംഘടനകളും രാജ്യവ്യാപകമായി പ്രതിഷേധത്തിലുമാണ്. ദല്‍ഹി കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു.
ഗോവധം വൈകാരിക വിഷയമായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര ഉത്തരവിനെ എതിര്‍ക്കുന്നത് രാഷ്‌ട്രീയ പരാജയം ഏറ്റുവാങ്ങലാകുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. അടുത്ത വര്‍ഷമാദ്യം ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രതിഷേധം രാജ്യവ്യാപകമായി തിരിച്ചടിക്കുമെന്നാണ് പാര്‍ട്ടിയുടെ ആശങ്ക. സിപിഎമ്മിന് ദേശീയതലത്തില്‍ നഷ്ടപ്പെടാനൊന്നുമില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരവിനെ എതിര്‍ക്കുന്ന ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
കേരളത്തിന് പുറമെ മേഘാലയിലെ കോണ്‍ഗ്രസ് നേതൃത്വമാണ് ഉത്തരവിനെതിരെ രംഗത്തുള്ളത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എതിര്‍പ്പുയര്‍ത്തിയെങ്കിലും കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ പിന്തുണയില്ല. ഇടത് സംഘടനകള്‍ക്ക് ബീഫ് ഫെസ്റ്റ് നടത്താന്‍ സിദ്ധരാമയ്യ അനുമതി നിഷേധിച്ചിരുന്നു.
















