ന്യൂദല്‍ഹി: കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്ന പശുവിറച്ചി ഫെസ്റ്റിനെതിരെ ദല്‍ഹി കേരള ഹൗസിന് മുന്നില്‍ പ്രതിഷേധ പരമ്പര. തുടര്‍ച്ചയായ മൂന്നാം ദിവസവും കേരള ഹൗസിന് മുന്നില്‍ പ്രതിഷേധം അരങ്ങേറി.
കന്നുകാലികളെ കശാപ്പ് ചെയ്ത് നടത്തുന്ന രാഷ്‌ട്രീയക്കളിക്കെതിരെ മൃഗസ്‌നേഹികളുടെ സംഘടനയായ ധ്യാന്‍ ഫൗണ്ടേഷനാണ് ഇന്നലെ പ്രതിഷേധവുമായെത്തിയത്. സ്ത്രീകളുള്‍പ്പെടെ നൂറോളം പേര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. ഇവരെ പോലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. തുടര്‍ന്ന് ഒരു മണിക്കൂറോളം ഇവര്‍ ജന്തര്‍ മന്ദിര്‍ റോഡില്‍ പ്രതിഷേധിച്ചു. കേരളത്തില്‍ നായ്‌ക്കളെ കൊല്ലുന്നതിനെതിരെ നേരത്തെ സംഘടന പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ശിവസേനയും ഭാരതീയ ഗോരക്ഷാ ക്രാന്തിയുമാണ് കേരള ഹൗസിന് മുന്നില്‍ പ്രതിഷേധിച്ചത്. ഗേറ്റ് മറികടന്ന് കേരള ഹൗസിനുള്ളില്‍ പ്രവേശിച്ച ഗോരക്ഷാ പ്രവര്‍ത്തകര്‍ പാല്‍ വിതരണവും നടത്തി. അതിക്രമിച്ച് കയറിയ ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ദല്‍ഹി പൊലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്നലെ ഉച്ചയോടെ റസിഡന്റ് കമ്മിഷണര്‍ ബിശ്വാസ് മേത്തയാണ് കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
തുടര്‍ച്ചയായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളഹൗസില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കണമെന്നും പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി അടുത്താഴ്ച ദല്‍ഹി സന്ദര്‍ശിക്കാനിരിക്കെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷം സൃഷ്ടിക്കാനാണ് ഗോ സംരക്ഷകര്‍ കേരളഹൗസിനകത്ത് അതിക്രമിച്ചുകയറിയതെന്നും പരാതിയിലുണ്ട്.
പ്രതിഷേധം തടയുന്ന കാര്യത്തില്‍ പൊലീസ് വീഴ്ചപറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് റസിഡന്റ് കമ്മിഷണര്‍ ദല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ കമ്മിഷണറെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. ബീഫ് വിളമ്പുന്നതായ പരാതിയില്‍ കഴിഞ്ഞ വര്‍ഷവും കേരള ഹൗസില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.
















