കൊച്ചി: ഇന്ത്യയിലെ ജനങ്ങളില്‍ 80 ശതമാനവും കോര്‍പ്പറേറ്റ് ലോകത്തില്‍ 80 ശതമാനവും 2019 ലെ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദി തന്നെ അധികാരത്തിലെത്തുമെന്നു വിശ്വസിക്കുന്നതായി ബിസിനസ് വേള്‍ഡ് സര്‍വ്വേ. ജനങ്ങളില്‍ 69 ശതമാനവും വിശ്വസിക്കുന്നത് മോദി ഇന്ത്യയിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാണെന്നാണ്.
കോര്‍പ്പറേറ്റ് മേഖലയില്‍ 74 ശതമാനം പേരാണ് മോദിയെ എക്കാലത്തേയും മികച്ച പ്രധാനമന്ത്രിയായി കണക്കാക്കുന്നത്. രണ്ടു സര്‍വ്വേകളാണ് ബിസിനസ് വേള്‍ഡ് നടത്തിയത്. പ്രതികരിച്ചവരില്‍ 76 ശതമാനം പേര്‍ മോദി സര്‍ക്കാരിന്റെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. കോര്‍പ്പറേറ്റ് മേഖലയില്‍ ഇത് 83 ശതമാനമാണ്.
മോദി സര്‍ക്കാര്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രകടനപത്രിക മികച്ച രീതിയില്‍ നടപ്പാക്കുകയാണെന്നാണ് 62 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കോര്‍പ്പറേറ്റ് മേഖലയില്‍ ഇത് 67 ശതമാനമാണ്. കറന്‍സി പിന്‍വലിക്കല്‍, വൈദ്യുത മേഖലയിലെ പരിഷ്‌ക്കാരങ്ങള്‍, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ചരക്കു സേവന നികുതി, അഴിമതിക്കെതിരെയുള്ള യുദ്ധം, സബ്‌സിഡികള്‍ നേരിട്ടു നല്‍കല്‍ തുടങ്ങിയവ മോദി സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളായി കോര്‍പ്പറേറ്റ് മേഖല ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ വികസനത്തിനു കൂടുതല്‍ സംഭാവന നല്‍കിയ മൂന്നു പ്രധാനമന്ത്രിമാരുടെ പേരു ചോദിച്ചപ്പോള്‍ മോദി, അടല്‍ബിഹാരി വാജ്‌പേയി, രാജീവ് ഗാന്ധി എന്നീ പേരുകളാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടിയത്. കോര്‍പ്പറേറ്റ് മേഖലയില്‍ ഉയര്‍ന്ന പേരുകള്‍ മോദി, നരസിംഹറാവു, രാജീവ്ഗാന്ധി എന്നിങ്ങനെയായിരുന്നു.
















