ന്യൂദല്‍ഹി: ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചപ്പാടുകളുള്ള നേതാവിന്റെ മേല്‍നോട്ടത്തില്‍ രാജ്യം ഇതുവരെ കൈവരിച്ചിട്ടില്ലാത്ത തോതിലുള്ള വികാസമാണ് മൂന്നുവര്‍ഷം ഉണ്ടായതെന്ന് ബിജെപി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ദല്‍ഹിയില്‍, വിവിധ മാധ്യമങ്ങളുടെ തിരഞ്ഞെടുത്ത പ്രതിനിധികള്‍ക്കു മുന്നില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നുവര്‍ഷം കൊണ്ട് വലിയ പുരോഗതി രാജ്യത്തുണ്ടായി. സാധാരണക്കാരന്‍ മുതല്‍ എല്ലാ തലത്തിലുള്ളവര്‍ക്കും നേട്ടമുണ്ടായി. നരേന്ദ്രമോദി ജനഹൃദയങ്ങളിലും മോദിയുടെ ഹൃദയത്തില്‍ ജനങ്ങളും ഇടംപിടിച്ചുവെന്നതാണ് മൂന്നുവര്‍ഷത്തെ സന്ദേശം. നോട്ടു പിന്‍വലിക്കല്‍ പദ്ധതിയ ആദ്യം ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ 1,25,000 ലക്ഷം കോടിയുടെ കള്ളപ്പണം ഈ പദ്ധതിയിലൂടെ പുറത്തുകൊണ്ടുവന്നു, അതമിത് ഷാ പറഞ്ഞു.
സാധാരണക്കാരനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ നല്ല പങ്ക് ഇടത്തട്ടുകാര്‍ കൊണ്ടുപോകുന്നുവെന്ന കൊള്ള അവസാനിച്ചെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലയില്‍ ഇതുവരെ ബാങ്കിടപാടില്ലാത്തവരുടെ അക്കൗണ്ടില്‍ 63,971 കോടി രൂപയാണ് നിക്ഷേപമായത്. സാമ്പത്തിക രംഗത്തെ വമ്പിച്ച വിപ്ലവമാണിത്. വിദേശനിക്ഷേപം രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തോതിലായി.
തൊഴിലില്ലായ്‌മയ്‌ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വലുതാണ്. വിവിധ മന്ത്രാലയങ്ങളില്‍ തൊഴില്‍ പദ്ധതികളുണ്ടായിരുന്നവ ഒന്നിപ്പിച്ച്, പ്രത്യേക തൊഴില്‍ നൈപുണ്യ പരിശീലന മന്ത്രാലയം തന്നെയുണ്ടാക്കി. ബോണസ് നിയന്ത്രണപരിധി 10,000 രൂപയില്‍നിന്ന് 21,000 രൂപയാക്കിയത് തൊഴിലാളികള്‍ക്ക് ഏറെ ഗുണം ചെയ്‌തെന്ന് അദ്ദേഹം വിശദീകരിച്ചു.
അടിസ്ഥാന സൗകര്യവികസനത്തില്‍ വിമാനയാത്ര സാധാരണക്കാര്‍ക്കും സാധ്യമാക്കിയത് വലിയ നേട്ടമാണ്. ദേശീയപാതയുടെ നിര്‍മാണം ദിവസം പന്ത്രണ്ട് കിലോമീറ്ററായിരുന്നത് ഇപ്പോള്‍ പത്തൊമ്പത് ആയി. സ്ത്രീകള്‍ക്ക് സുരക്ഷയും സ്വാശ്രയത്വവും സ്വാഭിമാനവും ഉണ്ടാക്കി. ശുചിത്വബോധം ജനങ്ങളുടെ ജീവിതവ്രതമാക്കി മാറ്റി. നൂറ് ലോക നേതാക്കളുമായി സമ്പര്‍ക്കം നടത്തിയ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രവിജയവും ഭരണപാടവവും പ്രകടമാക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ടെന്നും അമിത് ഷാ പറഞ്ഞു.
















