പയ്യന്നൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് കക്കംപാറയിലെ ചൂരക്കാട് ബിജിവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന രണ്ട് പ്രതികളെ ഇന്നലെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് തെളിവെടുപ്പ് നടത്തി. ഡിവൈഎഫ്‌ഐ നേതാവ് രാമന്തളി കുന്നത്തെരുവിലെ ടി.പി.അനൂപ്, കുന്നരുവിലെ പാണത്താന്‍വീട്ടില്‍ സത്യന്‍ എന്നിവരെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞദിവസം നടന്ന തിരിച്ചറിയില്‍ പരേഡില്‍ ഇവരെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കൂടുതല്‍ തെളിവെടുപ്പിനും ആയുധങ്ങള്‍ കണ്ടെത്തുന്നതിനുമായി കസ്റ്റഡിയില്‍ വാങ്ങിയത്. മറ്റൊരുപ്രതിയായ കക്കംപാറയിലെ വടക്കുമ്പത്ത് ജിതിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ കോറോം മുതിയലത്തെ ഒരു വീട്ടുടമയെ പോലീസ് കേസില്‍ പ്രതിയാക്കും.
പ്രതികളില്‍ ഒരാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഈ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. അക്രമത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ കേരളത്തിലെത്തിക്കാനും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
















