പൂച്ചാക്കല്‍: പെരുമ്പളം ബോട്ട് സര്‍വീസ് തുടര്‍ച്ചയായി മുടങ്ങുന്നു, യാത്രക്കാര്‍ ദുരിതത്തില്‍. ജലഗതാഗത വകുപ്പിന്റെ പാണാവള്ളിയിലെ ബോട്ട് സ്റ്റേഷനില്‍ നിന്നുംസര്‍വീസുകള്‍ തുടര്‍ച്ചയായി മുടങ്ങിയിട്ടും പകരം സംവിധാനമൊരുക്കാന്‍ അധികാരികള്‍ തയാറാകുന്നില്ലെന്നാണ് വിമര്‍ശനം.
സര്‍വീസ് മുടക്കം ഒഴിവാക്കാനായി എത്തിച്ച സ്‌പെയര്‍ ബോട്ട് നിരന്തരം തകരാറിലാകുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. വിവരം യഥാസമയം ഉന്നത അധികാരികളെ അറിയിക്കാനോ ജനങ്ങളുടെ ദുരിതം പരിഹരിക്കാനോ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പാണാവള്ളി പെരുമ്പളം, വാത്തികാട് പൂത്തോട്ട ഫെറികളില്‍ ഓരോ ബോട്ടും, ഇറപ്പുഴ പറവൂര്‍, പാണാവള്ളി പൂത്തോട്ട ഫെറികളില്‍ രണ്ട് വീതവുമായി ആറു ബോട്ടുകളാണ് ദിവസേന സര്‍വീസ് നടത്തുന്നത്.
ഇവയില്‍ ഒരു ബോട്ടിന് തകരാറുണ്ടായാല്‍ പകരം ഓടിക്കാന്‍ ബോട്ടില്ലാത്ത സ്ഥിതിയാണ്. ബോട്ടുകളുടെ തകരാര്‍ പരിഹരിക്കുന്നത് ആലപ്പുഴയിലെ യാര്‍ഡിലാണ്. ബോട്ടിന് തകരാറുണ്ടായാല്‍ പരിഹരിക്കുന്നതിനായി സര്‍വീസ് മുടക്കേണ്ട അവസ്ഥയാണ്.
















