മുംബൈ: പുനെയിൽ കമിതാക്കളായ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളെ അജ്ഞാതരുടെ മര്‍ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൂനെയ്‌ക്കടുത്ത് ലൊണാവാലയിലെ എഎന്‍എസ് ശിവാജിയ്‌ക്ക് സമീപമുള്ള കുന്നില്‍ മുകളിലാണ് വിദ്യാര്‍ത്ഥിയേയും പെണ്‍സുഹൃത്തിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സിന്‍ഹാഡ് എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ സർതക് വാർതോക്ക്(24) ഇതേ കോളേജിലെ കംമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയായ ശ്രുതി സജ്ഞയ്(22) എന്നിവരാണ് കൊല്ലപ്പെട്ടത്.
വിവസ്ത്രരാക്കി കൈകള്‍ ബന്ധിച്ച് ശേഷം എന്തോ ആയുധം ഉപയോഗിച്ച് ഇരുവരുടേയും തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ആധാര്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും കണ്ടെത്തിയതിനാല്‍ ഇരുവരേയും തിരിച്ചറിയാന്‍ പോലീസിന് എളുപ്പം കഴിഞ്ഞു. മരിച്ച യുവാവിന്റെ ബൈക്കും സംഭവ സ്ഥലത്തുനിന്നും കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
















