രവി കൃഷ്ണ, കാര്‍ത്തി ചിദംബരം, അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്
ന്യൂദല്‍ഹി: രാജസ്ഥാനിലെ 108 ആംബുലന്‍സ് അഴിമതിക്കേസില്‍ പ്രതികളുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയുടെ അടക്കം 11.57 കോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് കണ്ടുകെട്ടിയത്.
കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ നാണക്കേടായി മാറിയ സംഭവമാണ് രാജസ്ഥാനിലെ ആംബുലന്‍സ് അഴിമതിക്കേസ്. കാര്‍ത്തി ചിദംബരവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റുമെല്ലാം അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ കേസിലെ പ്രതികളാണ്.
സികിറ്റ്‌സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് ഡയറക്ടര്‍മാരായ രവി കൃഷ്ണന്റെയും ശ്വേത മംഗളിന്റെയും ആസ്തികളാണ് കണ്ടെടുത്തത്. കള്ളപ്പണം കണ്ടെടുക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍.
2010ല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഒപ്പിട്ട കരാറാണ് കേസിനാസ്പദമായത്. കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് മുഖ്യമന്ത്രിയായിരിക്കെ 108 അംബുലന്‍സ് പദ്ധതിക്ക് കീഴില്‍ വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട അഴിമതിയിന്മേലാണ് നടപടി ഉണ്ടായിരിക്കുന്നത്. തുടര്‍ന്ന് വന്ന ബിജെപി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കോടികളുടെ അഴിമതി കണ്ടെത്തിയിരുന്നു. കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും അന്വേഷിച്ചു. നടത്താത്ത സര്‍വ്വീസുകളുടെ കള്ള ബില്ലുകളുണ്ടാക്കി കോടികള്‍ തട്ടിയെടുത്തതില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം.
സികിറ്റ്‌സ കമ്പനി 23 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കമ്പനിയുടെ ഡയറക്ടര്‍മാരായ രവി കൃഷ്ണയുടേയും ശ്വേത മംഗളിന്റെയും വസ്തുവകകളും ബാങ്ക് നിക്ഷേപങ്ങളും പിടിച്ചെടുത്തത്. 11,57,70,944 കോടി രൂപയുടെ ആസ്തികളാണ് കണ്ടെടുത്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഗെലോട്ടും, രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും, മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവുമാണ് കേസിലെ മറ്റു പ്രതികള്‍.
















