ചെറുപുഴ: വോളിബോളിനും നീന്തലിനും ഹാന്‍ഡ്‌ബോളിനും ദേശീയതാരങ്ങളെ വരെ സംഭാവന ചെയ്ത മലയോരത്തിന്റെ കായികരംഗത്തേക്ക് ഇനി റോളര്‍ സ്‌കേറ്റിംഗും. മലയോരത്തിന് അത്രയൊന്നും പരിചിതമല്ലാത്ത റോളര്‍ സ്‌കേറ്റിംഗിന് പരിശീലനം ചെറുപുഴയില്‍ കഴിഞ്ഞദിവസം ആരംഭിച്ചു. കന്നിക്കളം നവജ്യോതി കോളേജ് ഗ്രൗണ്ടിലാണ് മലബാര്‍ റോളര്‍ സ്‌പോര്‍ട്‌സ് അക്കാഡമി ചെയര്‍മാന്‍ കെ.എന്‍.സുരേഷിന്റെ നേതൃത്വത്തില്‍ പരിശീലനം നടക്കുന്നത്. എല്ലാ ശനിയാഴ്ചകളിലുമാണ് പരിശീലനം.
കുട്ടികളില്‍ ഏകാഗ്രതയും ആത്മവിശ്വാസവും വളര്‍ത്താന്‍ കഴിയുന്ന കായിക ഇനമാണ് റോളര്‍ സ്‌കേറ്റിംഗ്. പാലാവയലില്‍ ആരംഭിച്ച പരിശീലനം കഴിഞ്ഞദിവസം മുതല്‍ ചെറുപുഴയിലേയ്‌ക്ക് മാറ്റുകയായിരുന്നു. അഞ്ചു വയസു മുതല്‍ 15 വയസുകരെയുള്ള കുട്ടികള്‍ ഇവിടെ പരിശീലനം നടത്തുന്നുണ്ട്. റോള്‍ ബോള്‍, സ്പീഡ് സ്‌കേറ്റിംഗ്, റോളര്‍ ഹോക്കി എന്നിവയിലാണ് പരിശീലനം. കൂത്തുപറമ്പ് സ്വദേശി സുരേഷും ഇരിട്ടി സ്വദേശി അജേഷുമാണ് പരിശീലകര്‍. 2016ല്‍ തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നടന്ന ഏഷ്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഒന്നാമതെത്തിയ താരമാണ് സുരേഷ്. ഈ മല്‍സരത്തില്‍ പങ്കെടുക്കുമ്പോള്‍ സുരേഷിന് വലതു കൈ ഇല്ലായിരുന്നു. ഓസ്റ്റിക് സര്‍ക്കോമ എന്ന അത്യപൂര്‍വ്വ രോഗം ബാധിച്ചതിനാല്‍ ഇദ്ദേഹത്തിന്റെ വലതു കൈ മുട്ടിനുമുകളില്‍ വെച്ച് മുറിച്ചു കളഞ്ഞിരുന്നു. എന്നാല്‍ ഇതിനൊന്നും സുരേഷിന്റെ ഇച്ഛാശക്തിയെ തളര്‍ത്താനായില്ല. വിജയങ്ങള്‍ വെട്ടിപ്പിടിക്കുമ്പോഴും ആയിരക്കണക്കിന് കുട്ടികളെ റോളര്‍ സ്‌കേറ്റിംഗിന്റെ മുന്‍നിരയിലേക്ക് നയിക്കാനും സുരേഷ് കഠിനാധ്വാനം ചെയ്യുന്നു. വയനാട്, ഗൂഡല്ലൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 42 സ്‌കൂളുകളില്‍ റോളര്‍ സ്‌കേറ്റിംങ്ങില്‍ പരിശീലകനാണിപ്പോള്‍ സുരേഷ്. ഇവര്‍ക്കു പിന്നാലെ റോളര്‍ സ്‌കേറ്റിംഗിലും മലയോരത്തിന്റെ യശസ്സുയര്‍ത്താന്‍ പ്രതിഭകള്‍ ഉയര്‍ന്നുവരുമെന്നാണ് പരിശീലകരുടെ പ്രതീക്ഷ.
















