ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും രാഷ്‌ട്രീയ -സാമ്പത്തിക-നയതന്ത്ര-സുരക്ഷാ വിദഗ്‌ദ്ധര്‍ എന്ന വ്യാജ ലേബലുകളില്‍ മാധ്യമരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ചില വ്യക്തികള്‍ മുറുമുറുപ്പുമായി രംഗത്തെത്തും. കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, ‘മതേതര’ സംഘടനകളുടെ വിജയം ഇവര്‍ക്ക് ആഘോഷമാണ്. അത് ജനാധിപത്യത്തിന്റെ, മതേതരത്വത്തിന്റെ, സോഷ്യലിസത്തിന്റെ വിജയമാണ്. പക്ഷേ, ഭാരതീയ ജനതാപാര്‍ട്ടിയോ നരേന്ദ്ര മോദിയോ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് ഇവരില്‍ ആശങ്ക സൃഷ്ടിക്കുന്നു. വര്‍ഗീയ ധ്രുവീകരണം, ഭീകരാക്രമണങ്ങള്‍ വര്‍ധിക്കും, നയതന്ത്രരംഗത്ത് പാളിച്ചകള്‍, ആഭ്യന്തര സുരക്ഷ, മേഖലയില്‍ വന്‍ ഭീഷണികള്‍… ഇവരുടെ ആശങ്കകള്‍ക്കും അസ്വസ്ഥതകള്‍ക്കും പരിധിയില്ല. മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍മാരായ ഗോപാലകൃഷ്ണ ഗാന്ധിയും എം.കെ. നാരായണനുമാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനാണ് ഗോഗാ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗോപാലകൃഷ്ണന്‍. 2014 മെയ് മാസത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഗോഗായുടെ മനഃസമാധാനം നശിപ്പിച്ചു. അദ്ദേഹം മോദിക്ക് ഒരു തുറന്ന കത്തെഴുതി. ”താങ്കളുടെ കക്ഷിക്ക് 32 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് താങ്കളോ, മറ്റു ബിജെപി നേതാക്കളോ പ്രധാനമന്ത്രി പദം ഏറ്റെടുക്കരുത്.” ഇതായിരുന്നു കത്തിന്റെ രത്‌നച്ചുരുക്കം. തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ജയിച്ചതില്‍ പ്രതിഷേധിച്ച് ഗോഗാ ചെന്നൈയിലെ കലാക്ഷേത്ര ഭരണസമിതി അധ്യക്ഷസ്ഥാനം രാജിവച്ചു. കലാക്ഷേത്ര അനാഥമായി! കുറെക്കാലമായി മോദിയേയും ബിജെപിയെയും ഭര്‍ത്സിച്ച് രാജ്യമാകെ പ്രസംഗിച്ചു നടക്കുകയാണ് ഗോഗാ. പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാനില്ല. ഗവര്‍ണറുടെ പ്രതിമാസ പെന്‍ഷന്‍, ഐഎഎസ് പെന്‍ഷന്‍, മോദിക്കെതിരെ എഴുതിയും പ്രസംഗിച്ചും ലഭിക്കുന്ന ദമ്പടി… ഇതൊക്കെ കൂടി നല്ലൊരു തുക പ്രതിമാസ വരുമാനം ലഭിക്കുന്നു. മൂന്നു ദശാബ്ദത്തിലധികം ഐഎഎസ് എന്ന ‘ലേബലില്‍’ കഴിഞ്ഞുകൂടി. അതിന്റെതായ സംഭാവന എന്തെങ്കിലും ഉണ്ടോ എന്നൊന്നും ചോദിക്കരുത്. പേരിനൊപ്പം ‘ഗാന്ധി’ എന്ന ട്രേഡ്മാര്‍ക്കാണുള്ളത്.
ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും ഗോഗാ രംഗത്തെത്തി. ശതമാനം, വര്‍ഗീയത, ധ്രുവീകരണം… ഇവയൊക്കെ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നു. പാവം, അടുത്തകാലത്ത് ഉറക്കവും നഷ്ടപ്പെട്ടു. പ്രത്യേകിച്ചും, യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ! ഗോപാലകൃഷ്ണ ഗാന്ധിക്ക് മലയാളം അറിയാതെപോയത് കേരളത്തിന്റെ നഷ്ടം. അതല്ലെങ്കില്‍ ഏതെങ്കിലും വാര്‍ത്താചാനലുകളിലെ അവതാരക പ്രതിഭാസമായി ഒരു ഐഎഎസുകാരനെ കാണാമായിരുന്നു.
ഗോപാലകൃഷ്ണ ഗാന്ധിയോടൊപ്പം, ഭാരതത്തിന്റെ ഭാവിയില്‍ ഉത്കണ്ഠയും അസ്വസ്ഥതയും പുലര്‍ത്തുന്ന യുവാവാണ് 83 കാരന്‍ എം.കെ. നാരായണന്‍. മുന്‍ ഐപിഎസുകാരന്‍! ഇന്ദിരാഗാന്ധി, സോണിയാ ഗാന്ധി കുടുംബങ്ങളിലെ കാര്യസ്ഥന്മാരില്‍ ഒരാള്‍. സര്‍വീസില്‍ ഉണ്ടായിരുന്ന കാലത്ത് ഒരു തേങ്ങാ മോഷണക്കേസുപോലും തെളിയിച്ചതായി നാരായണന്റെ സര്‍വീസ് ഫയലില്‍ ഇല്ല എന്നു സഹപ്രവര്‍ത്തകര്‍ പറയുന്നു. ഐപിഎസ് ജീവിതം അധികവും ഇന്റലിജന്‍സ് ബ്യൂറോയിലായിരുന്നു. അതുകാരണം, ഒരു പ്രധാനമന്ത്രിയെ അവരുടെ തന്നെ സുരക്ഷാ ഭടന്മാര്‍ വെടിവച്ചുകൊന്നതിനും, ഒരു മുന്‍ പ്രധാനമന്ത്രിയെ ‘തമിഴ്പുലികള്‍’ വധിച്ചതിനും മൂകസാക്ഷിയാകേണ്ടിവന്നു. ഇതിനെല്ലാം പാരിതോഷികമായി മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അദ്ദേഹത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി. 2006 മുതല്‍ 2011 വരെ നാരായണനായിരുന്നു ഭാരതത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ്.
അക്കാലത്ത്, ലോകത്തില്‍ ഏറ്റവും അധികം ഭീകരാക്രമണത്തിന് വിധേയമായ രാജ്യമായി മാറി ഭാരതം. അഞ്ഞൂറിലധികം പേരാണ്, നാരായണന്‍ സുരക്ഷാ ഉപദേഷ്ടാവായിരുന്ന കാലത്ത് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. അതിന് മന്‍മോഹന്‍ സിങ് നാരായണനു നല്‍കിയ പ്രതിഫലമാണ് പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ പദവി. ആഭ്യന്തര സുരക്ഷാ രംഗത്തും, ഭീകരവാദികള്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ അട്ടിമറി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിലും നാണുവേട്ടന്‍ വന്‍ പരാജയമായിരുന്നു. ബംഗാള്‍ ഗവര്‍ണര്‍ പദവയില്‍നിന്ന് നാണുവേട്ടന്‍ പുറത്തായതിനെക്കുറിച്ച് വിസ്തരിക്കുന്നില്ല. 2014 മെയ് മാസം നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഏറ്റെടുത്തശേഷം സുരക്ഷാ രംഗത്തും നയതന്ത്രരംഗത്തും പാളിച്ചകള്‍ മാത്രമേ കാണാനുള്ളൂ എന്ന് നാണുവേട്ടന്‍ നിരന്ത്രമായി എഴുതിവരുന്നു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ശേഷമാണ് അദ്ദേഹം പുതിയൊരു ‘സത്യം’ വെളിപ്പെടുത്തുന്നത്. മുസ്ലിം സമുദായത്തെ അകറ്റിനിര്‍ത്തിക്കൊണ്ടാണത്രെ ബിജെപി ഉത്തര്‍പ്രദേശില്‍ വിജയിച്ചത്. ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായിരുന്ന നാരായണന് തീരെ ഇല്ലാത്ത ഗുണമാണോ ഇന്റലിജന്‍സ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിലായാലും വിദേശത്തായാലും ഇന്നാട്ടിലെ 125കോടി ജനങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രി മോദി എപ്പോഴും സംസാരിക്കുക. ‘വസ്തുനിഷ്ഠമായി’ വിമര്‍ശിക്കുമ്പോഴും, നാരായണന് ലക്ഷ്യം തെറ്റുന്നു. ഭാരതത്തിലെ എല്ലാ മതവിശ്വാസികളും, മതവിശ്വാസികള്‍ അല്ലെന്ന് അവകാശപ്പെടുന്നവരും ഉള്‍പ്പെടുന്നതാണ് ഈ 125 കോടി. നാരായണനും അദ്ദേഹത്തിന്റെ യജമാനത്തിക്കും കൊച്ച് യജമാനനും മാത്രമാണ് ഇക്കാര്യത്തില്‍ സംശയമുള്ളൂ. ബിജെപി ഹൈന്ദവരുടെ പാര്‍ട്ടിയാണെന്നല്ലേ നാരായണനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഇന്റലിജന്‍സ് തീരെയില്ലാത്ത ഇന്റലിജന്‍സ് വൃന്ദം ലോകമെങ്ങും പറഞ്ഞുപരത്തിയിരിക്കുന്നത്. മുസ്ലിം മതവിശ്വാസികളെ സ്ഥാനാര്‍ത്ഥികളാക്കിയ ബിഎസ്പി, എസ്പി, കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ക്ക് എന്തു സംഭവിച്ചു? എല്ലാ രാഷ്‌ട്രീയ കക്ഷികളും ഇത്ര ശതമാനം മുസ്ലിം മതവിശ്വാസികളെ സ്ഥാനാര്‍ത്ഥികള്‍ ആക്കിക്കൊള്ളണമെന്ന് തെരഞ്ഞെടുപ്പ് നിയമം അനുശാസിക്കുന്നുണ്ടോ? ഒരു വിഭാഗത്തെയും പ്രീണിപ്പിക്കാതെ, സമുദായത്തിനും ജാതിക്കും അതീതമായി, ജയസാധ്യതകള്‍ പരിഗണിച്ചാണ് ബിജെപി അവരുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതും വിജയിച്ചതും. തന്റെ ലേഖനങ്ങളിലൂടെ വര്‍ഗീയവിഷം ജനമനസ്സുകളില്‍ കുത്തിവക്കാന്‍ ശ്രമിക്കുകയാണ് നാരായണന്‍.
പ്രധാനമന്ത്രിയുടെ പാക്കിസ്ഥാന്‍ നയങ്ങളെയും നാരായണന്‍ വിമര്‍ശിച്ചുവരുന്നു. നരേന്ദ്രമോദിയുടെ പാക്കിസ്ഥാനോടുള്ള സമീപനം തെറ്റാണെന്ന് ഈ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ആരോപിക്കുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫ് ഒരു പാവയാണെന്നും പാക്കിസ്ഥാനിലെ യഥാര്‍ത്ഥ ഭരണകൂടം ഇന്റര്‍സര്‍വീസ് ഇന്റലിജന്‍സ് എന്ന ‘ഭീകരവാദ’ സമാന്തര സര്‍ക്കാരാണെന്നും ലോകത്തിന് തുറന്നുകാട്ടിയത് നരേന്ദ്ര മോദിയാണ്. ഐപിഎസ് എന്ന മൂന്നക്ഷരംകൊണ്ട് ആരും ബുദ്ധിമാന്മാരും നയതന്ത്രജ്ഞന്മാരും ആകില്ല. കേരളത്തിലെ ഇപ്പോഴത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റവരെ ഐപിഎസുകാരനാണെന്നോര്‍ക്കുക.
പി.ടി. ഉഷയെപ്പോലുള്ള കായിക താരങ്ങള്‍ ഭാരതത്തിനുവേണ്ടി അന്താരാഷ്‌ട്ര വേദികളില്‍ സ്വര്‍ണമെഡലുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.
പക്ഷേ, ഈ നയതന്ത്ര വിദഗ്‌ദ്ധരും സുരക്ഷാ വിദഗ്‌ദ്ധരും ഭാരതത്തിനുവേണ്ടി എന്തു നേടിയിട്ടുണ്ട്? കശ്മീര്‍ പ്രശ്‌നം, വടക്കു-കിഴക്കന്‍ പ്രവിശ്യയിലെ വിഘടനവാദം, മാവോയിസ്റ്റ് ഭീകരവാദം, ഇസ്ലാമിക മതമൗലികവാദം… ഇവയെല്ലാം 2014 മെയ് മാസത്തിനുശേഷം പെട്ടെന്നുണ്ടായ സംഭവവികാസങ്ങള്‍ അല്ലല്ലോ. ഈ പറഞ്ഞ വ്യക്തികള്‍ക്ക് പ്രസ്തുത പ്രശ്‌നങ്ങളുടെ പരിഹാരത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ? അതിനെക്കുറിച്ച് അവര്‍ മിണ്ടില്ല. ഹെന്റി കിസിഞ്ചര്‍, കോണ്ടോലിസാ റൈസ് തുടങ്ങിയവരുടെ നിലവാരമുള്ള നയതന്ത്രവിദഗ്‌ദ്ധര്‍ നമ്മുടെ ഇടയില്‍ ഇല്ല എന്നതാണ് സത്യം.
ഐഎഎസ്, ഐഎഫ്എസ് മത്സരപരീക്ഷകള്‍ പാസാവുകയും, ഇന്റര്‍വ്യൂവില്‍ കടന്നുകൂടുകയും ചെയ്യുന്നവരെല്ലാം ബ്യൂറോക്രാറ്റുകളും ഡിപ്ലോമാറ്റുകളുമായി തീരുന്നു. പിന്നെ വര്‍ഷാവര്‍ഷം ലഭിക്കുന്ന ശമ്പള വര്‍ധനവും/ആനുകൂല്യങ്ങളും ഇടക്കിടെ ലഭിക്കുന്ന ഉദ്യോഗകയറ്റവും ഈ താരങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുന്നു. ലോകോത്തര നിലവാരമുള്ള നയതന്ത്ര വിദഗ്‌ദ്ധരും ഭരണവിദഗ്‌ദ്ധരും നമുക്ക് ഇല്ലാതെ പോകുന്നതിന്റെ കാരണം ഇതാണ്. അജിത് ഡോവല്‍ എന്ന സുരക്ഷാ വിദഗ്‌ദ്ധനാണ് ഭാരതത്തില്‍നിന്ന് ആഗോള നിലവാരത്തിലേക്കു ഉയര്‍ന്നുവന്ന ഏക വ്യക്തിത്വം. ജ്യോതീന്ദ്രനാഥ് ദീക്ഷിത് എന്ന അര്‍ദ്ധമലയാളിക്ക് തന്റെ മികവ് തെളിയിക്കാന്‍ അവസരം ലഭിച്ചതുമില്ല.
(പയനിയര്‍ പത്രത്തിന്റെ തമിഴ്‌നാട് പ്രതിനിധിയാണ് ലേഖകന്‍)
















