കോട്ടയം സി.എം.എസ് കോളേജില്‍ തപസ്യകലാസാഹിത്യവേദി സംഘടിപ്പിച്ച യുവചിത്രകലാശില്പശാല കേന്ദ്ര ലളിതകലാ അക്കാദമി അഡ്മിനിസ്‌ട്രേറ്റര്‍ സി.എസ്.കൃഷ്ണഷെട്ടി ഉദ്ഘാടനം ചെയ്യുന്നു. കവനമന്ദിരം പങ്കജാക്ഷന്‍, കെ. ലക്ഷ്മിനാരായണന്‍, കെ.എ. ഫ്രാന്‍സിസ്, കാനായി കുഞ്ഞിരാമന്‍, പരാഖ് കൃഷ്ണമൂര്‍ത്തി, വി.ജി. ജയദേവ്, പി.ജി. ഗോപാലകൃഷ്ണന്‍, തിരുവിഴ ജയശങ്കര്‍, പി.എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ സമീപം – ജന്മഭൂമി
കോട്ടയം: ജലസംരക്ഷണത്തിന് മനുഷ്യന്റെ മാനുഷിക മൂല്യങ്ങള്‍ ഉയരണമെന്ന് കേന്ദ്ര ലളിതകലാ അക്കാദമി അഡ്മിനിസ്‌ട്രേറ്റര്‍ സി.എസ്.കൃഷ്ണഷെട്ടി അഭിപ്രായപ്പെട്ടു. തപസ്യ കലാസാഹിത്യവേദി കോട്ടയം സിഎംഎസ് കോളേജില്‍ സംഘടിപ്പിച്ച ചിത്രകലാശില്പശാല ‘വര്‍ണ്ണമഴ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജലം ജീവന്റെ തുടിപ്പിന് അത്യന്ത്യാപേക്ഷിതമാണ്. മരവും മലയും ഇല്ലാതാകുന്നത് ജലസംരക്ഷണത്തിന് ഭീഷണിയാണ്. പ്രകൃതിയും മനുഷ്യനും ഒന്നായി കാണേണ്ട മനോഭാവം വളരണം. 1960-കളില്‍ ഇല്ലാത്ത പ്രതിസന്ധിയാണ് 50 വര്‍ഷത്തിന് ശേഷം അനുഭവപ്പെടുന്നത്. ഇത് രൂക്ഷമാവാന്‍ കാരണം മനുഷ്യമനസില്‍ നിന്ന് മൂല്യങ്ങള്‍ നഷ്ടപ്പെട്ടതാണ്. നദികള്‍ വറ്റി വരളുമ്പോള്‍ ജനപഥങ്ങള്‍ ഇല്ലാതാകുന്നു-അദ്ദേഹം പറഞ്ഞു. മനുഷ്യനന്മയും ധര്‍മ്മവുമാണ് കലയുടെ ലക്ഷ്യമെന്ന് ശില്പശാലാ ഡയറക്ടര്‍ കാനായി കുഞ്ഞിരാമന്‍ പറഞ്ഞു.
ലോകഭാഷയാണ് കല. മനുഷ്യപുരോഗതിയാണ് കല ലക്ഷ്യമിടുന്നതെന്നും മനുഷ്യ സംസ്‌കാരത്തിന്റെ ഭാഷയാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ തിരുവിഴ ജയശങ്കര്‍ അദ്ധ്യക്ഷനായി. സിഎംഎസ് കോളേജ് പ്രിന്‍സിപ്പല്‍ റോയി സാം ഡാനിയല്‍, മുന്‍ ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ്, സംസ്‌കാര്‍ഭാരതി ദേശീയ സഹ സംഘടന സെക്രട്ടറി പരാഖ് കൃഷ്ണമൂര്‍ത്തി, തപസ്യ സംസ്ഥാന ട്രഷറര്‍ കെ.ലക്ഷ്മിനാരായണന്‍, സംസ്ഥാന സംഘടനാസെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി പി.ജി.ഗോപാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി വി.ജി.ജയദേവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജലത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച രണ്ട് ദിവസത്തെ ക്യാമ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 48 യുവ ചിത്രകാരന്മാര്‍ പങ്കെടുക്കുന്നുണ്ട്.
















