തിരുവനന്തപുരം/ ന്യൂദല്‍ഹി: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തീയതിയെച്ചൊല്ലി വിവാദം. പ്രധാനമന്ത്രിയില്ലെങ്കിലും 30ന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വിവാദത്തിന് തീ കൊളുത്തിയത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒഴിവാക്കാനുള്ള നീക്കമാണിതെന്ന ആരോപണം വന്നതോടെ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിയെ തിരുത്തി രംഗത്തെത്തി.
ഉദ്ഘാടനത്തീയതി പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രിക്കു വേണ്ടി അനിശ്ചിതമായി കാത്തിരിക്കാനാവില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞത്. എന്നാല്‍, 29ന് നാലു ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിനു പോകുന്ന പ്രധാനമന്ത്രി മടങ്ങിവന്ന ശേഷം തീയതി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പുറത്തായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വെട്ടിലായത്. പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹത്തിനായി കാത്തിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരിച്ചതോടെ വിവാദം അല്‍പ്പം തണുത്തു.
വിവാദം വലിയ നാണക്കേടുണ്ടാക്കിയെന്നും പദ്ധതിക്ക് സാമ്പത്തിക സഹായം ചെയ്യുന്ന കേന്ദ്രത്തെ അവഹേൡക്കുന്നത് ദോഷകരമാകുമെന്നും വന്നതോടെ മുഖ്യമന്ത്രി ഇടപെട്ട് മുഖം രക്ഷിക്കുകയായിരുന്നു. അതിനിടെ, കേരളം സൊമാലിയയാണെന്ന് പ്രഖ്യാപിച്ച മോദിയെ ഇവിടെ വികസനമുണ്ടെന്ന് കാണിക്കാനാണ് ക്ഷണിച്ചതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസംഗിച്ചതും സര്‍ക്കാരിന് ക്ഷീണമായി.
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രഖ്യാപനം. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സമയം ചേദിച്ച് കത്ത് അയച്ചിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിന് എത്താനായില്ലെങ്കില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആലുവയിലാകും ചടങ്ങ്. പ്രധാനമന്ത്രിയെ കാത്ത് നീട്ടിക്കൊണ്ടുപോകില്ലെന്നും മന്ത്രി പറഞ്ഞു.
മോദി 29ന് വിദേശത്ത് പോകുമെന്നറിഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള ഇടതു സര്‍ക്കാരിന്റെ തന്ത്രമായിരുന്നു ഇത്. മെയ് 29ന് ജര്‍മ്മനിക്ക് തിരിക്കുന്ന പ്രധാനമന്ത്രി 31ന് സ്പെയിനിലും ജൂണ്‍ ഒന്നു മുതല്‍ റഷ്യയിലെ സെന്റ്പീറ്റേഴ്സ്ബെര്‍ഗ് എക്കണോമിക് ഫോറത്തിലും പങ്കെടുക്കും. രണ്ടു മാസം മുന്‍പ് നിശ്ചയിച്ചതാണ് പരിപാടി. എറണാകുളം എംപി പ്രൊഫ.കെ.വി. തോമസ് വ്യാഴാഴ്ച പ്രധാനമന്ത്രിയെ കണ്ട അവസരത്തിലും കൊച്ചിന് മെട്രോ ഉദ്ഘാടനത്തിന് എത്താനുള്ള താല്‍പ്പര്യം പ്രധാനമന്ത്രി നേരിട്ടറിയിച്ചിരുന്നു.
മോദിയെ ഒഴിവാക്കാനുള്ള ഗൂഢനീക്കമാണിതെന്ന് ബിജെപിയും തുറന്നടിച്ചു. പ്രധാനമന്ത്രി സ്ഥലത്തില്ലാത്ത സമയം നോക്കി ഉദ്ഘാടനം നടത്താന്‍ ശ്രമിക്കുന്ന നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരോപിച്ചു. പ്രധാനമന്ത്രിയെ ഔപചാരികമായി ക്ഷണിച്ച് അദ്ദേഹത്തിന് സൗകര്യപ്രദമായ തീയതി നിശ്ചയിച്ച് അദ്ദേഹത്തെ പങ്കെടുപ്പിക്കുകയാണ് വേണ്ടതെന്നും കുമ്മനം പറഞ്ഞു.
കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി
കണ്ണൂര്‍: മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തളിപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ഉദ്ഘാടനത്തിനെത്തില്ല എന്നു പറഞ്ഞാല്‍ മാത്രമേ മറ്റൊരു സാധ്യതയെക്കുറിച്ചു ചിന്തിക്കേണ്ടതുള്ളൂ. കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കണം. ഉദ്ഘാടനത്തീയതി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെയാണ് ക്ഷണിച്ചത്. തിരക്കിട്ട പരിപാടികള്‍ക്കിടയില്‍ മെട്രോ ഉദ്ഘാടനത്തിനായി അദ്ദേഹം സമയം മാറ്റിവക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെങ്കയ്യയെ ക്ഷണിച്ചില്ല
ന്യൂദല്‍ഹി: കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവിനെയും മെട്രോ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. നഗര വികസനമന്ത്രാലയമാണ് മെട്രോ പദ്ധതിയുടെ ചെലവുകളില്‍ വലിയൊരു പങ്ക് നിര്‍വഹിക്കുന്നത്. കെഎംആര്‍എല്ലും ഡിഎംആര്‍സിയും അറിയാതെയാണ് മെയ് 30ന് ഉദ്ഘാടന തീയതി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: