മൂവാറ്റുപുഴ: നിരോധിച്ച നോട്ടുകള്‍ സ്വീകരിച്ച് ചോറ്റാനിക്കര ഭഗവതിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണ ലോക്കറ്റുകള്‍ വില്‍പ്പന നടത്തിയതിനെക്കുറിച്ച് ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി.
നിരോധിച്ച നോട്ടുകള്‍ വിജയ ബാങ്കിന്റെ ചോറ്റാനിക്കര ബ്രാഞ്ചില്‍നിന്ന് മാറിയെടുത്തതും ക്ഷേത്രത്തിലേയ്ക്ക് ശര്‍ക്കര വാങ്ങിയതും വില്പന നടത്തിയതും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ കൗണ്ടര്‍ അസിസ്റ്റന്റ് എസ്. അഭിലാഷ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
കൊച്ചിന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ ഹരിദാസ്, ചോറ്റാനിക്കര ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ ഇ.കെ. മനോജ്, ദേവസ്വം മാനേജര്‍ ബിജുകുമാര്‍, ഹോട്ടല്‍ ഗണേഷ് ഭവന് പ്രൊപ്രൈറ്റര്‍ ഗോപി, വിജയ ബാങ്ക് ചോറ്റാനിക്കര ബ്രാഞ്ച് മാനേജര്‍, തൃശൂര്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി, മുന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്നിവരെ ഒന്നുമുതല്‍ 7വരെ പ്രതികളാക്കിയാണ് ഹര്‍ജി.
നവംബര്‍ 8ന് നോട്ട് നിരോധിച്ചശേഷം നവംബര്‍ 9ന് 10 ഗ്രാമിന്റെ 32 സ്വര്‍ണ്ണലോക്കറ്റ് 9,76,200 രൂപയ്ക്കും 10ന് 10 ഗ്രാമിന്റെ 80 ലോക്കറ്റുകള്‍ 24,48,000 രൂപയ്ക്കും 5 ഗ്രാമിന്റെ 20 ലോക്കറ്റുകള്‍ 3,08,000 രൂപയ്ക്കും നിരോധിച്ച പഴയ നോട്ടുകള്‍ സ്വീകരിച്ച് ഒന്നും രണ്ടും പ്രതികള്‍ വില്പന നടത്തിയെന്നാണ് ആരോപണം. രേഖകള്‍ വ്യാജമായി ചമച്ച് അവരുടെ പണംകൊണ്ട് നവംബര്‍ 9ന് രാത്രിയിലും 10-ാം തീയതി രാവിലെയും ലോക്കറ്റുകള്‍ കൈവശപ്പെടുത്തി. തെളിവുകള്‍ ഹര്ജിക്കാരന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പരസ്യ ബോര്‍ഡുകള്‍ വയ്ക്കുന്ന ഇനത്തിലും വഴിപാട് കൗണ്ടറുകള്‍ സ്ഥാപിച്ചും സ്പെഷ്യല്‍ നെയ്പ്പായസത്തിന്റെ വ്യാജ രസീതുകള്‍ വിറ്റും ദേവസ്വത്തിന് മുതല്‍ക്കൂട്ടാകേണ്ട വഴിപാടുകള്‍ സ്വന്തമായി എടുത്ത് ദേവസ്വത്തിന് നഷ്ടമുണ്ടാക്കിയും മറ്റും കോടിക്കണക്കിന് രൂപ 1 മുതല്‍ 3വരെ പ്രതികള്‍ സമ്പാദിച്ചിട്ടുള്ളതായും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ജില്ല ആന്റി കറപ്ഷന്‍ ബ്യൂറോ സെല്ലിനോട് ജൂലൈ 4നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: