കണ്ണൂര്‍: സംസ്ഥാനത്തെ തുറമുഖങ്ങളില്‍ നിന്ന് മണല്‍ ഖനനം നടത്തുന്നതിന് പഞ്ചായത്തുകള്‍ ടെണ്ടര്‍ വിളിച്ചത് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനം മറികടന്ന്. മണല്‍ ഖനനത്തിന് പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് 2017 ഫെബ്രുവരി ഒന്‍പതിനാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ തുറമുഖങ്ങളില്‍ കപ്പലുകളുടെയും യാനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് ചാനലിലെയും ബേസിനിലെയും ആഴം നിലനിര്‍ത്തുന്നതിന് മാന്വല്‍ ഡ്രഡ്ജിങ് സംവിധാനമാണ് സ്വീകരിച്ചുവരുന്നത്. ഇത്തരത്തില്‍ ലഭിച്ച മണല്‍ ജില്ലാ ഭരണകൂടം നിര്‍മ്മാണ മേഖലക്ക് നിശ്ചിത നിരക്കില്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു.
കാസര്‍കോട്, മഞ്ചേശ്വരം, നീലേശ്വരം, അഴീക്കല്‍, തലശ്ശേരി, വടകര, ബേപ്പൂര്‍, പൊന്നാനി, കൊടുങ്ങല്ലൂര്‍ എന്നീ ഒന്‍പത് തുറമുഖങ്ങളില്‍ ഓപ്പണ്‍ ടെണ്ടര്‍ പ്രകാരം സഹകരണ സംഘങ്ങളാണ് 2010 മുതല്‍ മണല്‍ ഖനനം ചെയ്തിരുന്നത്. എന്നാല്‍ സഹകരണ സംഘങ്ങള്‍ മുഖേന മണല്‍ ഖനനം നടക്കുമ്പോള്‍ വന്‍ അഴിമതിക്ക് കളമൊരുക്കുന്നതായി സര്‍ക്കാരിന് ബോധ്യപ്പെട്ടതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഖനനത്തിന് അനുമതി നല്‍കുകയാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
പരീക്ഷണം എന്ന നിലയില്‍ പൊന്നാനിയില്‍ നടപ്പാക്കിയ നയം 2017 ഏപ്രില്‍ മുതല്‍ മുഴുവന്‍ തുറമുഖങ്ങളിലും സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ നടപ്പില്‍വരുത്തുകയും ചെയ്തു. ഉത്തരവ് പ്രകാരം നിലവില്‍ മാന്വല്‍ ഡ്രഡ്ജിങില് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മുന്‍കാലങ്ങളില്‍ ഈ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മുന്‍ഗണന നല്കി മണല്‍ വാരല്‍ തൊഴിലാളികളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ തൊഴിലാളികളായി രജിസ്റ്റര്‍ ചെയ്യണമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ഡ്രഡ്ജിങ്ങിന് സംവിധാനമില്ലാത്തതിനാല്‍ ഓപ്പണ്‍ ടെണ്ടര്‍ വിളിച്ച് സംവിധാനമൊരുക്കുകയായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് ഉള്‍പ്പടെ ചില പഞ്ചായത്തുകള്‍ സര്‍ക്കാര്‍ വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് കൊണ്ട് സഹകരണ സംഘങ്ങള്‍ക്ക് ടെണ്ടര്‍ അനുവദിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇതു സംബന്ധിച്ച് മണല്‍ ഖനനത്തില്‍ ഏര്‍പ്പെട്ട ചില സംഘങ്ങള്‍ തുറമുഖ വകുപ്പ് മന്ത്രി, പോര്‍ട്ട് ഡയരക്ടര്‍, ജില്ലാ കളക്ടര്‍, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
മണല്‍ സംബന്ധമായ എല്ലാ കാര്യങ്ങളില്‍ നിന്നും സൊസൈറ്റികളെ ഒഴിവാക്കിയ കാര്യം അറിഞ്ഞുകൊണ്ടുതന്നെ കഴിഞ്ഞകാലങ്ങളില്‍ മണല്‍ ഖനനം നടത്തിയ സംഘങ്ങളെ മണല്‍ ശുദ്ധീകരണവും മറ്റു കാര്യങ്ങളും ടെണ്ടര്‍വഴി ഏല്പിച്ചത് സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമാണെന്നും ടെണ്ടര്‍ നല്‍കിയതില്‍ വന്വീഴ്ചയുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അധികൃതരില്‍ നിന്ന് അനുകൂലമായ തീരുമാനങ്ങളുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് പരാതിക്കാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: