കൊച്ചി: പഴങ്ങളും ചെടികളും അര്‍ബുദത്തെ പ്രതിരോധിക്കുമെന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് അമേരിക്കയിലെ ഓഷ്യന്‍ ഹീമറ്റോളജി ആന്റ് ഓങ്കോളജിയിലെ അര്‍ബുദ രോഗ വിദഗ്ധ ഡോ. സാറാ ജെ. ഈശ. മുള്ളങ്കി പഴവും ലക്ഷ്മി തരു ചെടിയും അര്‍ബുദത്തെ അകറ്റുമെന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇത് ശാസ്്ര്രതീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.
കൊച്ചി കാന്‍സര്‍ സെന്ററും എറണാകുളം കരയോഗവും ചേര്‍ന്ന് സംഘടിപ്പിച്ച സംവാദത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
അര്‍ബുദ ചികിത്സയില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. എന്നാല്‍, കൃത്യസമയത്ത് ചികിത്സിക്കാത്തതാണ് രോഗികളുടെ ജീവന് ഭീഷണിയാകുന്നത്. രോഗികളുടെ ബാഹുല്യം മൂലം പലപ്പോഴും ഡോക്ടര്‍മാര്‍ക്ക് എല്ലാരോഗികളെയും കൃത്യമായി മനസിലാക്കാന്‍ കഴിയാതെ വരുന്നു. ഇതൊഴിവാക്കാന്‍ അര്‍ബുദ ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം ഉയര്‍ത്തണം.
പണമില്ലാത്തതുകൊണ്ട് അര്‍ബുദ ചികിത്സ മുടങ്ങുന്നതും കേരളത്തിലെ കാഴ്ചയാണ്. ഇതിന് സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ സൗജന്യ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കണം.
അര്‍ബുദ മരുന്നുകളുടെ വില കൂടുതലായത് ഏറെ നാളത്തെ ഗവേഷണ ഫലം കൊണ്ട് കണ്ടുപിടിക്കപ്പെട്ടതുകൊണ്ടാണ്. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമുണ്ടാകണം. അര്‍ബുദത്തെക്കുറിച്ച് രോഗികള്‍ക്ക് കാര്യമായ അറിവില്ല. അര്‍ബുദത്തിന് ചികിത്സിച്ചാല്‍ പണവും പോകും ആളും പോകും എന്ന ചിന്തയാണ് പലര്‍ക്കും.
വ്യക്തമായ അവബോധത്തിലൂടെ ചികിത്സിച്ചാല്‍ ഇത്തരം മനോഭാവങ്ങളില്‍ മാറ്റമുണ്ടാക്കാനാകും. ഓരോ ദിവസവും അര്‍ബുദ രോഗികളുടെ എണ്ണം കൂടി വരികയാണ്. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണമെന്നും ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. സാറാ ജെ. ഈശ കൊച്ചി കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. പ്രൊഫ. എം.കെ. സാനു, ജസ്റ്റിസ് ജെ.ബി. കോശി, ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്, മുന്‍ കളക്ടര്‍ കെ.ആര്. വിശ്വംഭരന്, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്, ഡോ. ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: