പയ്യന്നൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല് കാര്യവാഹ് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊന്ന കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കുന്നരു കാരംതോട് സ്വദേശി പി.സത്യന് (32), കക്കംപാറയിലെ വി.ജിതിന് (35) എന്നിവരാണ് അറസ്റ്റിലായത്. സത്യന് പയ്യന്നൂര്‍ എഫ്സിഐ ഗോഡൗണിലെ ചുമട്ടുകാരനും ജിതിന് ടൈല്‍സ് പണിക്കാരനുമാണ്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നുമണിയോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സിഐ എന്‍.പി.ആസാദ്, എസ്ഐ കെ.പി.ഷൈന്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിന് ഇരുവരും ചെന്നൈയിലേക്ക് പോവുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഫ്ടിയിലെത്തി റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്ക്കുകയായിരുന്നു. അറസ്റ്റിലായ സത്യനും ജിതിനും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് പോലീസ് പറയുന്നത്. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും റിമാന്റ് ചെയ്തു.
കക്കംപാറ നടുവിലെ പുരയില്‍ റിനീഷ്, പരുത്തിക്കാട് സ്വദേശി കുണ്ടുവളപ്പില്‍ ജ്യോതിഷ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ കേസില്‍ ഇതുവരെ നാലുപേര്‍ അറസ്റ്റിലായി. പ്രതികളില്‍ ഒരാളായ പ്രജീഷ് എന്ന അനിയന്കുട്ടന് ഗള്‍ഫിലേക്ക് കടന്നതായി പോലീസിന് വിവിരം ലഭിച്ചു. ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടാനാണ് പോലീസ് നീക്കം. മംഗലാപുരത്ത് പോയി തിരെകെ വന്ന് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷിനിലിറങ്ങി സുഹൃത്തിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകവേ ഇന്നോവ കാറുകൊണ്ട് ഇടിച്ച് വീഴ്ത്തി ബിജുവിനെ വെട്ടിക്കൊല്ലുകയായിരുന്നു.
മുഖ്യപ്രതി വ്യാജമൊഴി നല്കി
കണ്ണൂര്‍: ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി കേസ് വഴിതിരിച്ചുവിടാന്‍ പോലീസില്‍ വ്യാജമൊഴി നല്കി. യഥാര്‍ത്ഥ പ്രതിയെ രക്ഷപ്പെടുത്തി കേസില്‍ ഉള്‍പ്പെടാത്ത മറ്റൊരാളെ കേസില്‍പ്പെടുത്താനായിരുന്നു റിനീഷ് ശ്രമിച്ചത്. ഇതുപ്രകാരം കൊലയാളി സംഘത്തിലെ ഒരാള്‍ ഗള്‍ഫിലേക്ക് രക്ഷപ്പെട്ടുകഴിഞ്ഞു. എന്നാല്‍ റിനീഷിന്റെ മൊഴി വ്യാജമാണെന്നും ഇയാള്‍ പറഞ്ഞ പ്രതി അക്രമസമയത്ത് മറ്റൊരു സ്ഥലത്തായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
15ന് പുലര്‍ച്ചെ മുഖ്യപ്രതി റിനീഷും പരുത്തിക്കാട്ടെ കെ.വി.ജ്യോതിഷും പിടിയിലായിരുന്നു. ചോദ്യംചെയ്യലില്‍ വ്യാജമൊഴിയാണ് റിനീഷ് നല്‍കിയിരുന്നത്. ചില അഭിഭാഷകരുടെ നിര്‍ദേശപ്രകാരം കെട്ടിച്ചമച്ച കഥയായിരുന്നു റിനീഷ് അവതരിപ്പിച്ചത്. പ്രധാന പ്രതികളിലൊരാളായ പ്രജീഷ് എന്ന കുട്ടനെ രക്ഷപ്പെടുത്താനായിരുന്നു വ്യാജമൊഴി. പ്രദേശത്ത് പ്രജീഷ് എന്ന കുട്ടന് എന്നപേരില്‍ രണ്ടുപേരുണ്ട്. ഇതിലൊരാള്‍ ബാങ്ക് ജീവനക്കാരനാണ്. ഒരാള്‍ അനിയന് കുട്ടനെന്നും രണ്ടാമന് ചേട്ടന് കുട്ടന്എന്നപേരിലുമാണ് നാട്ടില്‍ അറിയപ്പെടുന്നത്. ചേട്ടന് കുട്ടനാണ് കുന്നരു ബാങ്കിലെ ജീവനക്കാരന്.
ജോലി കിട്ടയിതിന് ശേഷം ഇയാള്‍ പാര്‍ട്ടി പരിപാടികളിലും മറ്റും സജീവമല്ലായിരുന്നു. ബിജു കൊല്ലപ്പെട്ട ദിവസം ഉച്ചവരെ ഇയാള്‍ ബാങ്കില്‍ ജോലിക്കുമെത്തിയിരുന്നില്ല. ഈ അവസരം ഉപയോഗിച്ച് ചേട്ടന് കുട്ടനെ കേസില്‍ പ്രതിയാക്കാനായിരുന്നു നീക്കം. ചേട്ടന് കുട്ടന് കേസില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് വ്യക്തമായത്. അപ്പോഴേക്കും അനിയന്കുട്ടന് ഗള്‍ഫിലേക്ക് കടന്നുകളയുകയായിരുന്നു.
13ന് മംഗലാപുരം വിമാനത്താവളം വഴിയാണ് ഇയാള്‍ ഗള്‍ഫിലേക്ക് കടന്നത്. ഇതിന് ഒത്താശ ചെയ്തത് പാര്‍ട്ടിയിലെ ചില ഉന്നതരാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ തന്നെ ഇത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: